മെസ്സി കേസ്: റിപ്പോർട്ടർ ടിവി ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും മിന്നൽ പരിശോധന
Ernakulam , 16 സെപ്റ്റംബര് (H.S.) പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി
REPORTER TV OFFICE RAID


Ernakulam , 16 സെപ്റ്റംബര് (H.S.)

പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലും, ചാനൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലുമുൾപ്പെടെ അഞ്ചിടങ്ങളിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.

ADGP പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുലർച്ചെ അഞ്ച് മണിയോടെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ചത്. മെസ്സി കേസിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുടെയും നികുതി വെട്ടിപ്പിന്റെയും തെളിവുകൾ കണ്ടെത്തുകയാണ് റെയ്ഡിന്റെ പ്രധാന ലക്ഷ്യം.

സാമ്പത്തിക ക്രമക്കേടും ജിഎസ്ടി വെട്ടിപ്പും

മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ മറവിൽ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും വ്യാപകമായ ജിഎസ്ടി വെട്ടിപ്പും നടന്നതായി ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നിരുന്നു. പരിപാടിയുടെ സംഘാടനത്തിൻ്റെ പേരിലും സ്പോൺസർഷിപ്പ് തുക സമാഹരണത്തിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഉയർന്ന പ്രധാന ആരോപണം. ഫുട്ബോൾ ആരാധകരുടെ ആവേശം മുതലെടുത്ത് വൻതോതിൽ പണപ്പിരിവ് നടത്തിയെന്നും ഇതിന് കൃത്യമായ കണക്കുകളില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വരുമാനത്തിൽ വലിയ ചോർച്ചയുണ്ടായതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. ഈ പരാതികളുടെ പശ്ചാത്തലത്തിൽ വിഷയം ഗൗരവമായി എടുത്ത യുഡിഎഫ് സർക്കാരാണ് സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. ഈ സംഘത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിലെ പരിശോധനകൾ പുരോഗമിക്കുന്നത്.

പ്രതിഷേധവുമായി റിപ്പോർട്ടർ ടിവി

അതേസമയം പൊലീസിൻ്റെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി റിപ്പോർട്ടർ ടിവി മാനേജ്മെൻ്റും ജീവനക്കാരും രംഗത്തെത്തി. ചാനൽ ഓഫിസിലെ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് മാധ്യമ സ്ഥാപനം ആരോപിച്ചു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഭരണകൂടം മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതെന്നും മാധ്യമപ്രവർത്തനത്തെ ഭയപ്പെടുത്തി നിർവീര്യമാക്കാനുള്ള ശ്രമമാണിതെന്നും റിപ്പോർട്ടർ ടിവി അധികൃതർ വ്യക്തമാക്കി. സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിലുള്ള വിരോധമാണ് റെയ്ഡിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെത്തുടർന്ന് ചാനൽ ഓഫിസിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാകുന്നതുവരെ ഓഫിസിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡിൽ പ്രധാനപ്പെട്ട ചില രേഖകളും ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തതായാണ് സൂചന. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും വരും ദിവസങ്ങളിൽ കേസിൻ്റെ ഭാഗമാകാൻ സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News