Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 സെപ്റ്റംബര് (H.S.)
ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്ഡ് പ്രമുഖ അനിമേഷന് ചലച്ചിത്രകാരി നിനാ സബ്നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
2026 സെപ്റ്റംബര് 30ന് തിരുവനന്തപുരം കൈരളി തിയേറ്ററില് നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില് മുഖ്യമന്ത്രി വി.ഡി സതീശന് പുരസ്കാര സമര്പ്പണം നിര്വഹിക്കും. സെപ്റ്റംബര് 25 മുതല് 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയില് നിനാ സബ്നാനിയുടെ 10 ചിത്രങ്ങള് പ്രദര്ശിപ്പിക്കും.
നാലു പതിറ്റാണ്ടുകാലമായി അനിമേഷന് സിനിമയ്ക്ക് നല്കിയ അതുല്യ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. അനിമേഷന് എന്ന കലയെ ചിത്രകല, നാടോടിവിജ്ഞാനീയം, വാമൊഴി പാരമ്പര്യം, വ്യത്യസ്ത മനുഷ്യവംശങ്ങളുടെ പ്രാദേശിക സംസ്കാരങ്ങള് എന്നിവയുമായി ബന്ധിപ്പിക്കുന്ന സമീപനരീതിയാണ് നിനാ സബ്നാനിയുടേത്.
നാടോടിക്കഥപറച്ചിലുകാര്ക്കും ചിത്രകാരന്മാര്ക്കുമൊപ്പം പ്രവര്ത്തിച്ചുകൊണ്ട് അവര് നിര്മ്മിച്ച അനിമേഷന് ചിത്രങ്ങള് ദേശീയ അന്തര്ദേശീയതലങ്ങളില് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മികച്ച അനിമേഷന് സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 'ഹം ചിത്രാ ബനാത്തേ ഹെ' എന്ന ചിത്രത്തിലൂടെ 2016ല് അവര് നേടി. മധ്യപ്രദേശിലെ ഭില് ഗോത്രത്തിലെ പരമ്പരാഗത ചിത്രകാരന് ശേര് സിംഗുമായി സഹകരിച്ചാണ് നിന ഈ ചിത്രം പൂര്ത്തിയാക്കിയത്. 'മുകന്ദ് ആന്റ് റിയാസ്', 'ടാങ്കോ ബോലെ ഛെ' (ദ സ്റ്റിച്ചസ് സ്പീക്ക്), 'ബാത്ത് വഹി ഹെ' തുടങ്ങിയവയാണ് നിന സബ്നാനിയുടെ മറ്റു പ്രധാന ചിത്രങ്ങള്.
വഡോദരയിലെ ഫാക്കല്റ്റി ഓഫ് ഫൈന് ആര്ട്സില്നിന്ന് ബിരുദം നേടിയ നിന ന്യുയോര്ക്കിലെ സൈറാക്യൂസ് യൂനിവേഴ്സിറ്റിയില്നിന്ന് ഫുള്ബ്രൈറ്റ് ഫെലോഷിപ്പോടെ ബിരുദാനന്തര ബിരുദം പൂര്ത്തിയാക്കി. രാജസ്ഥാനിലെ പരമ്പരാഗത കലാരൂപമായ കാവഡ് കഥാപ്രസംഗ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തി 'കാവഡ് ട്രഡീഷന് ഓഫ് രാജസ്ഥാന്: എ പോര്ട്ടബിള് പില്ഗ്രിമേജ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1985 മുതല് 2006 വരെ രണ്ടു പതിറ്റാണ്ടുകാലം അഹ്മദാബാദിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില് അധ്യാപികയായിരുന്നു. അവിടെ അനിമേഷന് ഡിസൈന് പ്രോഗ്രാമിന്റെ സഹസ്ഥാപകയുമായിരുന്നു.
അനസി ഇന്റര്നാഷണല് അനിമേഷന് ഫിലിം ഫെസ്റ്റിവല്, സിയോളിലെ ഇന്ഡി അനിഫെസ്റ്റ് എന്നീ മേളകളില് ജൂറി അംഗമായി പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് ബംഗളുരുവിലെ സൃഷ്ടി മണിപ്പാല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആര്ട്ട്, ഡിസൈന് ആന്റ് ടെക്നോളജിയില് അധ്യാപികയാണ്. മുംബൈയിലെ അനിമേള ഇന്റര്നാഷണല് അനിമേഷന് ഫെസ്റ്റിവലിന്റെ ഫെസ്റ്റിവല് ഡയറക്ടര് ആയും സേവനമനുഷ്ഠിക്കുന്നു.
2018ല് ഇലസ്ട്രേഷനുള്ള ടാറ്റാ ട്രസ്റ്റിന്റെ ബിഗ് ലിറ്റില് ബുക്ക് അവാര്ഡ്, 2021ല് ടൂണ്സ് മീഡിയ ഗ്രൂപ്പിന്റെ ലെജന്ഡ് ഓഫ് ഇന്ത്യന് അനിമേഷന് അവാര്ഡ്, 2024ല് അനിമേഷന് രംഗത്തെ മികവിനുള്ള റാംമോഹന് അവാര്ഡ് എന്നിവ നേടിയിട്ടുണ്ട്.
ആനന്ദ് പട് വര്ധന് (2018), മധുശ്രീ ദത്ത (2019),രഞ്ജന് പാലിത് (2021), റീന മോഹന് (2022), ദീപ ധന്രാജ് (2023), നരേഷ് ബേഡി, രാജേഷ് ബേഡി (2024), രാകേഷ് ശര്മ്മ(2025) എന്നിവര്ക്കാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്ഡുകള് ഇതുവരെ സമ്മാനിച്ചിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR