Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 സെപ്റ്റംബര് (H.S.)
റിപ്പോര്ട്ടര് ടിവിയിലെ പോലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സി.പി.ഐ (എം)സംസ്ഥാന സെക്രട്ടറിയേറ്റ്.
എതിരായി വാര്ത്ത നല്കുന്ന മാധ്യമങ്ങളെ പേടിപ്പിച്ച് വരുതിയില് നിര്ത്താനാണ് വി.ഡി സതീശന് സര്ക്കാര് ശ്രമിക്കുന്നത്. മാധ്യമ പ്രവര്ത്തകരുടെ ജോലി തടസപ്പെടുത്തുകയും, ഫോണ് പിടിച്ചെടുക്കുകയും ചെയ്തത് ഗൗരവകരമാണ്. ലാത്തിയുമായി പോലീസുകാര്ക്ക് ന്യൂസ് ഡെസ്കില് എന്താണ് കാര്യമെന്ന് സര്ക്കാര് മറുപടി പറയണമെന്നും സി പി എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു..
മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമ വാര്ത്തകളും, സോഷ്യല് മീഡിയാ വീഡിയോകളും വ്യാപകമായി പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതിന് പിന്നാലെയാണ്, വാര്ത്തകളെ തന്നെ വരുതിയില് നിര്ത്താനുള്ള ഈ നീക്കം. എല്ലാ നടപടി ക്രമങ്ങളും കാറ്റില്പ്പറത്തി പോലീസ് നടത്തിയ മാധ്യമ വേട്ടയ്ക്കെതിരെ പ്രബുദ്ധ കേരളം രംഗത്തെത്തും. കോണ്ഗ്രസ് ദേശീയ നേതൃത്വം ഈ വിഷയത്തില് മറുപടി പറയാന് തയ്യാറാവണം.
കേരളം അപൂര്വമായി മാത്രം സാക്ഷ്യം വഹിച്ച മാധ്യമ വേട്ടയാണ് ഇന്ന് രാവിലെ നടന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്ദ്ദേശത്തിലാണ് ഈ നടപടികളെന്ന് അദ്ദേഹത്തിന്റെ ന്യായീകരണത്തിലൂടെ വ്യക്തമായി. കേരളം കണ്മുന്നില് കണ്ട ദൃശ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പച്ചക്കള്ളം പറയുന്നത്.
യു.ഡി.എഫ് - ബി.ജെ.പി പക്ഷത്ത് പൂര്ണമായും നിലയുറപ്പിക്കാത്ത മാധ്യമങ്ങളെ വേട്ടയാടാനാണ് സര്ക്കാര് ശ്രമിക്കുന്നത്. ഇന്ന് റിപ്പോര്ട്ടറ് ചാനലിന് എതിരെയാണ് നീക്കമെങ്കില്, നാളെ അപ്രിയമായ വാര്ത്ത നല്കിയ ഓരോ മാധ്യമങ്ങള്ക്ക് നേരെയും ഈ നടപടി വരാം. ഇത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. ഈ മാധ്യമ വേട്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സി പി എം പ്രസ്താവനയിൽ പറഞ്ഞു..
സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രധിഷേധം രേഖപ്പെടുത്തി.രാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി.
അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു..
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ദൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പോകുന്നില്ല.
മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പിണറായി വിജയൻ അറിയിച്ചു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR