Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 സെപ്റ്റംബര് (H.S.)
ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവി ഓഫിസിൽ നടന്ന പൊലീസ് പരിശോധന പൂർണമായും നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം വ്യക്തമാക്കി.
കേസന്വേഷണത്തിൻ്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ നടക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭരണകാലത്തും മാധ്യമ സ്ഥാപനങ്ങളിൽ സമാന രീതിയിൽ റെയ്ഡുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരെ ഓർമിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കില്ലെന്നും എന്നാൽ നിയമപരമായ അന്വേഷണങ്ങൾ തടസ്സപ്പെടുത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡുകൾമെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പരിശോധന നടത്തിയത്. ജി.എസ്.ടി തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകളുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ചാനൽ മാനേജ്മെൻ്റും ജീവനക്കാരും രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ കാലത്ത് നടന്ന റെയ്ഡുകൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.
2017ൽ മംഗളം ടിവിയിൽ റെയ്ഡ് നടത്തി സി.ഇ.ഒ ഉൾപ്പെടെ അഞ്ച് മാധ്യമ പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാർച്ചിൽ ഏഷ്യാനെറ്റ് ന്യൂസിൽ പരിശോധന നടത്തി എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജിയണൽ എഡിറ്റർ ഷാജഹാൻ കാളിയത്ത് എന്നിവർക്കെതിരെ കേസെടുത്തു. മറുനാടൻ മലയാളിയുടെ ഓഫിസിൽ കയറി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
നവകേരള സദസ്സിലെ ചെരുപ്പേറ് കേസുമായി ബന്ധപ്പെട്ട് 24 ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടർക്കെതിരെയും, എസ്.എഫ്.ഐ നേതാവിൻ്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയും കേസെടുത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ അന്വേഷണത്തോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പി.എസ്.സി ക്രമക്കേടും ഇ.ഡി നിർദേശവുംപി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണ്. പി.എസ്.സി ചെയർമാന് പ്രത്യേക ഇളവുകളൊന്നുമില്ലെന്നും, അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ പൊലീസിന് നിയമപരമായ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മാസപ്പടി കേസിൽ പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളെക്കുറിച്ച് പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇ.ഡി നിർദേശം സർക്കാർ പരിശോധിച്ചുവരികയാണ്. ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇതിൽ രാഷ്ട്രീയമായല്ല, നിയമപരമായ പരിശോധനയാണ് നടക്കുന്നത്.
സി.എം.ആർ.എൽ നൽകിയ രണ്ട് മൊഴികളും പരിശോധിക്കുന്നുണ്ട്. പി.ബി അല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്, സർക്കാർ ഉടൻ തന്നെ തീരുമാനമെടുക്കും. സി.പി.എമ്മിലെ സംഘടനാ അഴിച്ചുപണിയെയും മുഖ്യമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റതിൻ്റെ ഉത്തരവാദിത്തം പാവം എം.വി ഗോവിന്ദൻ്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വച്ച് പാർട്ടി നേതൃത്വവും പി.ബിയും മുങ്ങിയെന്ന് അദ്ദേഹം വിമർശിച്ചു. തോറ്റത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്തത് നല്ല കാര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
വൈദ്യുതി പ്രതിസന്ധിയും പുതിയ നയവുംസംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പൂർണ നിയന്ത്രണത്തിലാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വർധിച്ച ഉപഭോഗവും മഴക്കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ സെപ്റ്റംബറിനേക്കാൾ 925 മെഗാവാട്ടിൻ്റെ അധിക ഉപഭോഗമാണ് ഇപ്പോഴുള്ളത്. 2500 മെഗാവാട്ടോളം സൗരോർജം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും സ്റ്റോറേജ് (ബാറ്ററി) സംവിധാനങ്ങളില്ലാത്തതിനാൽ പകൽ മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. പ്രതിസന്ധി മറികടക്കാൻ എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങി. ന്യൂക്ലിയർ പവർ കോർപറേഷനിൽ ഉത്പാദിപ്പിക്കുന്നതിൻ്റെ 85 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. ബാക്കിയുള്ള 15 ശതമാനത്തിൽ നിന്നാണ് (ഏകദേശം 280 മെഗാവാട്ട്) കേരളം 150 മെഗാവാട്ട് 4.65 രൂപയ്ക്ക് വാങ്ങിയത്. ഇതിനായി പ്രത്യേക സംഘം മുംബൈയിൽ പോയി ചർച്ച നടത്തിയിരുന്നു. എൻ.ടി.പി.സി 30 രൂപയും, ഹിമാചൽ പ്രദേശ് (പകൽ 130 മെഗാവാട്ടും രാത്രി 80 മെഗാവാട്ടും) 13 രൂപയ്ക്ക് മുകളിലും, തമിഴ്നാട് 38 രൂപയുമാണ് ആവശ്യപ്പെട്ടത്.
10 രൂപയ്ക്ക് മുകളിൽ പോകരുതെന്ന റെഗുലേറ്ററി കമ്മിഷൻ്റെ സീലിങ് ഉള്ളതിനാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല. കഴിഞ്ഞ 25 വർഷമായി ദീർഘകാല കരാറുകൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. 4.29 രൂപയുടെ ഒരു കരാർ റദ്ദാക്കുകയും ചെയ്തു. അതിനാൽ പുതിയ ദീർഘകാല കരാറുകൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അടുത്ത മൺസൂൺ വരെ കടുത്ത ചൂട് പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ ഒന്ന് മുതൽ പുതിയ പ്ലാൻ നടപ്പാക്കും. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഉൾപ്പെടെയുള്ള പുതിയ വൈദ്യുതി നയം ഉടൻ പ്രഖ്യാപിക്കും. കെ.എസ്.ഇ.ബിയെ സ്വകാര്യവത്കരിക്കില്ലെന്നും, എന്നാൽ പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സരൾ കേരളവും ഇ.എസ്.എ ഭൂപടവുംവ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായുള്ള 'സരൾ കേരളം' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിക്ഷേപ നിർദേശങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല കെ.എസ്.ഐ.ഡി.സിക്കായിരിക്കും. അഞ്ചും ഏഴും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് പരിഹാരം കാണാനും അതിവേഗത്തിൽ അനുമതി നൽകാനും ഇതിലൂടെ സാധിക്കും. എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) മാത്രമായി രണ്ട് പ്രത്യേക കോടതികൾ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇതിൻ്റെ മുഴുവൻ ചെലവുകളും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ആരോഗ്യവകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് ടു തസ്തികയിൽ 18 പുതിയ പോസ്റ്റുകൾ സൃഷ്ടിക്കാനും തീരുമാനമെടുത്തു. പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇ.എസ്.എ) ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്ന 131 വില്ലേജുകളെ കഴിഞ്ഞ സർക്കാർ 8590 ചതുരശ്ര കിലോമീറ്ററായി (98 വില്ലേജുകൾ) കുറച്ചിരുന്നു. സി.എച്ച്.ആർ (കാർഡമം ഹിൽ റിസർവ്) പ്രദേശങ്ങളെ ഇ.എസ്.എയിൽ നിന്ന് പൂർണമായും ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. ഇത് സംബന്ധിച്ച ഭൂപടം പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെഡ് കാറ്റഗറിയിൽപ്പെടുന്ന വ്യവസായങ്ങൾക്ക് ചില ഇളവുകൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR