ഇടുക്കി സിബിഎസ്ഇ സഹോദയ കലോത്സവം 'തരംഗം 2k26'ന് വർണാഭമായ തുടക്കം; ഋതു മന്ത്ര ഉദ്ഘാടനം ചെയ്തു
Idukki, 16 സെപ്റ്റംബര് (H.S.) ഹൈറേഞ്ചിൻ്റെ താഴ്വരകൾക്ക് ആവേശം പകർന്ന് ഇടുക്കി സഹോദയ സിബിഎസ്ഇ കലോത്സവം ''തരംഗം 2k26''ന് വർണാഭമായ തുടക്കം. രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിൽ സജ്ജമാക്കിയ അഞ്ച് കൂറ്റൻ വേദികളിലായി ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളു
IDUKKI SAHODAYA KALOLSAVAM


Idukki, 16 സെപ്റ്റംബര് (H.S.)

ഹൈറേഞ്ചിൻ്റെ താഴ്വരകൾക്ക് ആവേശം പകർന്ന് ഇടുക്കി സഹോദയ സിബിഎസ്ഇ കലോത്സവം 'തരംഗം 2k26'ന് വർണാഭമായ തുടക്കം. രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിൽ സജ്ജമാക്കിയ അഞ്ച് കൂറ്റൻ വേദികളിലായി ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടിപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

ബിഗ് ബോസ് താരവും മോഡലുമായ ഋതു മന്ത്ര കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികളും നൃത്തനൃത്യങ്ങളും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

അടുത്ത ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി നിരവധി ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ വൻ ജനപ്രവാഹമാണ് രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിലേക്ക് ഒഴുകിയെത്തുന്നത്.

വിപുലമായ സജ്ജീകരണങ്ങൾസർഗവാസനകളുടെ വലിയൊരു വസന്തത്തിനാണ് രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ മുറ്റം സാക്ഷ്യം വഹിക്കുന്നത്. ഒരേസമയം ഒന്നിലധികം മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളോടെ അഞ്ച് കൂറ്റൻ വേദികളാണ് സ്കൂൾ കാമ്പസിൽ ഒരുക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെയും നഗരപ്രദേശങ്ങളിലെയും സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വ്യത്യസ്ത വേദികളിലായി അണിനിരന്നു. മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിന് ശേഷമാണ് ഓരോ വിദ്യാർഥിയും സ്കൂളിൻ്റെ അഭിമാനം വാനോളമുയർത്താൻ വേദിയിലെത്തുന്നത്. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനത്തിനും ഇത്തരം കലോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങുകൾസെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാതാളികുന്നേൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഇടുക്കി സഹോദയ പ്രസിഡൻ്റ് ഫാ. സിജൻ പോൾ ഒന്നുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ബിഗ് ബോസ് താരവുമായ ഋതു മന്ത്ര ഭദ്രദീപം കൊളുത്തി തരംഗം 2k26 ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തോമസ്, പിടിഎ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ എത്തിച്ചേർന്നത്.

വേദികളിലെ ആവേശംപ്രധാന വേദിയായ സ്റ്റേജ് ഒന്നിൽ അരങ്ങേറിയ നാടോടി നൃത്തം കാണികൾക്ക് മനോഹരമായ ദൃശ്യവിരുന്നായി മാറി. പരമ്പരാഗത വേഷവിധാനങ്ങളോടെ കുട്ടികൾ ചുവടുവച്ചപ്പോൾ സദസ്സ് കൈയടികളോടെ അത് ഏറ്റെടുത്തു. മറ്റു വേദികളിൽ പ്രസംഗം, കവിതാ ആലാപനം, തമിഴ് ലളിതഗാനം തുടങ്ങിയ മത്സരങ്ങളിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് മത്സരാർഥികൾ ശ്രമിക്കുന്നത്.

കലോത്സവ നിയമപ്രകാരം കൃത്യമായ പ്രായപരിധി നിശ്ചയിച്ച് കാറ്റഗറി അടിസ്ഥാനത്തിലാണ് സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തിയത്. മത്സരങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് വേദിയിൽ വച്ച് തന്നെ മൊമെൻ്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൗമാര പ്രതിഭകളുടെ സർഗാത്മക മികവും കഠിനാധ്വാനവും മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കം, ഇടുക്കിയിലെ സിബിഎസ്ഇ വിദ്യാലയങ്ങൾക്ക് വലിയൊരു ആവേശമായി മാറിയിരിക്കുകയാണ്. ജയപരാജയങ്ങൾക്കപ്പുറം കലാസൗഹൃദത്തിൻ്റെ പുതിയ തരംഗം തീർത്താണ് തരംഗം 2k26 മുന്നേറുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും കാണികളും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News