ചരിത്രനേട്ടത്തോടെ ശ്രീധന്യ സുരേഷ് ഐഎഎസ് കാസർകോട് ജില്ലാ കളക്ടറായി ചുമതലയേറ്റു
Kasaragod , 16 സെപ്റ്റംബര് (H.S.) ചരിത്രപരമായ നേട്ടങ്ങളോടെ കാസർകോട് ജില്ലയുടെ ഇരുപത്തിയേഴാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ഔദ്യോഗികമായി ചുമതലയേറ്റു. രാവിലെ കളക്ടറേറ്റിൽ എത്തിച്ചേർന്ന ശ്രീധന്യ സുരേഷിന് എഡിഎം പി. ഉദയകുമാറിൻ്റെ നേതൃത്വത്തി
SCHEDULED TRIBE FIRST WOMAN


Kasaragod , 16 സെപ്റ്റംബര് (H.S.)

ചരിത്രപരമായ നേട്ടങ്ങളോടെ കാസർകോട് ജില്ലയുടെ ഇരുപത്തിയേഴാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ഔദ്യോഗികമായി ചുമതലയേറ്റു.

രാവിലെ കളക്ടറേറ്റിൽ എത്തിച്ചേർന്ന ശ്രീധന്യ സുരേഷിന് എഡിഎം പി. ഉദയകുമാറിൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

തുടർന്ന് കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ പൂച്ചെണ്ട് നൽകി പുതിയ കളക്ടറെ സ്വീകരിക്കുകയും ഔദ്യോഗിക ചുമതല കൈമാറുന്ന രേഖകളിൽ ഒപ്പുവെക്കുകയും ചെയ്തു.

ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകി മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ശേഷം ശ്രീധന്യ സുരേഷ് പ്രതികരിച്ചു. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

അതിജീവനത്തിൻ്റെ പ്രതീകം: ആദ്യ പട്ടികവർഗ വനിതാ കലക്ടർ

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ സുരേഷ്, 2018-ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 410-ാം റാങ്ക് നേടി വിജയക്കൊടി പാറിച്ച വ്യക്തിയാണ്. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഐഎഎസ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രപരമായ ഖ്യാതി ശ്രീധന്യയ്ക്കുള്ളതാണ്. കാസർകോട് ജില്ലയിൽ ഈ പദവിയിലെത്തുന്ന ആദ്യ പട്ടികവർഗ വനിതയും ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ കലക്ടറുമാണ് അവർ.

വയനാട് പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി ഊരിലെ സുരേഷിൻ്റെയും കമലത്തിൻ്റെയും മകളായ ശ്രീധന്യ, കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയുമാണ് ഈ നേട്ടത്തിലെത്തിയത്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നിന്നാണ് ഐഎഎസ് പരിശീലനം നേടിയത്. മുമ്പ് കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ, പെരിന്തൽമണ്ണ സബ് കലക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ , ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എന്നീ നിലകളിൽ മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് കലക്ടർ

ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, ടൂറിസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മികച്ച വികസന സാധ്യതകളുള്ള ജില്ലയാണ് കാസർകോടെന്ന് ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ രൂപംകൊണ്ട ഈ ജില്ലയുടെ പരിമിതികൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും ഒപ്പം സപ്തഭാഷാ സംഗമഭൂമിയായ കാസർകോട്ടെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്ന്നു. കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു.

കാസർകോട്ടുകാരുടെ പ്രിയപ്പെട്ട 'ജനകീയ കലക്ടർ

കാസർകോട്ടുകാരുടെ പ്രിയപ്പെട്ട 'ജനകീയ കലക്ടർ' ആയി മാറിയ 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ മികവുറ്റ സേവനത്തിന് ശേഷമാണ് പദവിയിൽ നിന്ന് മടങ്ങുന്നത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തിൻ്റെ പുതിയ നിയമനം. കാസർകോടിൻ്റെ വികസന പദ്ധതികൾക്ക് വേഗത നൽകുകയും കാലവർഷക്കെടുതികളിലും അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആശ്വാസമേകാൻ നേരിട്ടിറങ്ങുകയും ചെയ്ത അർജുൻ പാണ്ഡ്യന് വൻ ജനസ്വീകാര്യതയാണ് ജില്ലയിൽ ലഭിച്ചത്. മുമ്പ് തൃശൂരിൽ സേവനമനുഷ്ഠിച്ചപ്പോൾ എങ്ങനെയാണോ ജനങ്ങളുടെ പ്രിയങ്കരനായി മാറിയത്, അതേ സ്നേഹവും സമർപ്പണവുമാണ് അദ്ദേഹം കാസർകോടും കാഴ്ചവെച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News