നികുതി തര്ക്കങ്ങള് ഇല്ലാതാക്കുക ലക്ഷ്യം; ധനമന്ത്രി നിര്മല സീതാരാമന്
New delhi, 16 സെപ്റ്റംബര്‍ (H.S.) നികുതി തര്‍ക്കങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വ്യവസായ പ്രതിനിധികളും നയഗവേഷകരും പ്രായോഗികവ
Nirmala Sitharaman


New delhi, 16 സെപ്റ്റംബര്‍ (H.S.)

നികുതി തര്‍ക്കങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വ്യവസായ പ്രതിനിധികളും നയഗവേഷകരും പ്രായോഗികവും കൃത്യവുമായ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് പൊതുചര്‍ച്ചകള്‍ സജീവമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ നടന്ന ഇന്റര്‍നാഷണല്‍ ടാക്‌സ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് ഫൗണ്ടേഷന്റെ (ഐടിആര്‍എഎഫ്) എട്ടാമത് രാജ്യാന്തര നികുതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നികുതിദായകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലളിതമായ നയമെന്ന് ധനമന്ത്രി വ്യക്തമാക്കി. കര്‍ശന നടപടികള്‍ ആവശ്യമുള്ള കേസുകളില്‍ മാത്രം അത് പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം. നികുതി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ അവ കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഴയ തര്‍ക്കങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന് പകരം അവ അവസാനിപ്പിക്കാന്‍ നികുതിദായകര്‍ക്കും സര്‍ക്കാരിനും 'വിവാദ് സേ വിശ്വാസ്' പദ്ധതികള്‍ അവസരമൊരുക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അപ്പീല്‍ നല്‍കുന്നതിനുള്ള സാമ്പത്തിക പരിധി 2024ല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. വകുപ്പുതല അപ്പീലുകള്‍ ട്രൈബ്യൂണലില്‍ നല്‍കുന്നതിനുള്ള പരിധി 60 ലക്ഷം രൂപയായും ഹൈക്കോടതികളില്‍ രണ്ട് കോടി രൂപയായും സുപ്രീം കോടതിയില്‍ അഞ്ച് കോടി രൂപയായുമാണ് വര്‍ധിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യക്ഷ, പരോക്ഷ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ചും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. 2019ല്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 2025ല്‍ വ്യക്തിഗത നികുതി നിരക്കുകള്‍ യുക്തിസഹമാക്കി. ഇതനുസരിച്ച് 12 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരു വ്യക്തിയും ആദായനികുതി നല്‍കേണ്ടതില്ല. നികുതി ഭാരം വര്‍ധിപ്പിക്കാതെ തന്നെ 1961ലെ ആദായനികുതി നിയമത്തിന് പകരം ലളിതമായ ഭാഷയിലുള്ള പുതിയ നിയമം ആറ് മാസത്തിനുള്ളില്‍ തയ്യാറാക്കിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. 2025ല്‍ ചരക്കുസേവന നികുതി (ജിഎസ്ടി) പ്രധാനമായും രണ്ട് നിരക്കുകളിലേക്ക് ചുരുക്കിയത് നികുതി തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ച വലിയൊരു പരിഷ്‌കാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിക്ക സ്ഥാപനങ്ങളും നികുതി നിരക്ക് കുറയ്ക്കാനോ ഇളവുകള്‍ ലഭിക്കാനോ മാത്രമാണ് ആവശ്യപ്പെടാറുള്ളത്. എന്നാല്‍ വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയെ പിന്തുണയ്ക്കുന്നതിനായി സ്വന്തം താത്പര്യങ്ങള്‍ക്ക് അതീതമായി, കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ സംഘടനകള്‍ തയ്യാറാകണം. നിലവില്‍ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും നികുതി വ്യവസ്ഥയ്ക്ക് ഗുണകരമല്ലാത്ത വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനങ്ങള്‍ കേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഏതെങ്കിലും വ്യവസ്ഥ അമിതമായ ഭാരം അടിച്ചേല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് എത്ര നികുതിദായകരെ ബാധിക്കുന്നുണ്ടെന്നും എത്ര സമയവും പണവും നഷ്ടപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കണം. ഇതിന് പകരമുള്ള സംവിധാനം വരുമാനത്തെ എങ്ങനെ ബാധിക്കുമെന്നും അറിയിക്കണം. ഒരു മാറ്റം നിര്‍ദേശിക്കുമ്പോള്‍ അതിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടാകുന്നതെന്ന് മാത്രമല്ല, നികുതി അടിത്തറയെയും ഭരണസംവിധാനത്തെയും മറ്റ് നികുതിദായകരെയും അത് എങ്ങനെ ബാധിക്കുമെന്നും കാണിച്ചുതരണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രൊഫഷണലുകള്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News