Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി - യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് പരിഹരിക്കാൻ ഒഡിഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ന്യൂക്ലിയർ പവർ കോർപ്പറേഷൻ, തെർമൽ പവർ കോർപ്പറേഷൻ എന്നിവയുമായി ചർച്ച നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ എസ് എ) പരിധി നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
കാർഡമം ഹിൽ ഏരിയയും ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി ഇ എസ് എ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, പരിസ്ഥിതി മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്തും.
സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവും കേന്ദ്രതലത്തിലുള്ള നിർബന്ധിത പരിശീലനവുമാണ് വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ മാറ്റം വരാൻ കാരണമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ തസ്തികയിലും ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ സേവന സ്ഥിരത ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തുടരുന്ന അതിരൂക്ഷ വൈദ്യുത പ്രതിസന്ധിക്ക് എന്ന് പരിഹാരം ഉണ്ടാകും എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.. ജനങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.. ഈ സാഹചര്യത്തിലാണ് ഒരു ശാശ്വത പരിഹാരം ലക്ഷ്യമിട്ട് വൈദ്യുതി നയം രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR