താമരശേരിയിൽ വീടിൻ്റെ വരാന്തയിലിരുന്ന മധ്യവയസ്കന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
Wayanad , 16 സെപ്റ്റംബര് (H.S.) വീടിൻ്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മധ്യവയസ്കന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. താമരശേരി സ്വദേശി കെ. അബ്ദുൽ ഖാദറിനാണ് (59) ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭ
WILD BOAR ATTACK


Wayanad , 16 സെപ്റ്റംബര് (H.S.)

വീടിൻ്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മധ്യവയസ്കന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. താമരശേരി സ്വദേശി കെ. അബ്ദുൽ ഖാദറിനാണ് (59) ആക്രമണത്തിൽ കാലിന് പരിക്കേറ്റത്.

ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

പതിവുപോലെ വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ പാഞ്ഞെത്തിയ കാട്ടുപന്നി അബ്ദുൽ ഖാദറിനെ കുത്തിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ബഹളം വച്ചതോടെ ശബ്ദം കേട്ട് ബന്ധുക്കളും പരിസരവാസികളും ഓടിയെത്തി പന്നിയെ തുരത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തുടരുന്ന കാട്ടുപന്നി ശല്യംതാമരശേരി മേഖലയിൽ ഏറെക്കാലമായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. ഇതിനിടയിലാണ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ ദേശീയപാതയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് മറിഞ്ഞുവീണ് മരിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് താമരശേരി ചുങ്കത്തും വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

ഇതിനുപുറമേ താമരശേരി അങ്ങാടിയിലെ ബേക്കറിയിൽ കാട്ടുപന്നി ഓടിക്കയറി ഏറെനേരം ഭീതി പരത്തിയ സംഭവവുമുണ്ട്. അന്ന് ബേക്കറിയിലും പരിസരത്തും ഉണ്ടായിരുന്നവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിലവിൽ കാട്ടുപന്നി ഭീതിയിലാണ് നാട്ടുകാർ. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മലയോര നിവാസികൾ. അതിരാവിലെ ട്യൂഷന് പോകുന്ന വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രികർക്കുമാണ് കാട്ടുപന്നികൾ വലിയ ഭീഷണിയാകുന്നത്.

നടപടിയെടുക്കാതെ അധികൃതർ

മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം നിരന്തരമായിട്ടും ഇവയെ തുരത്താനോ വെടിവച്ചു കൊല്ലാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്ക് സർക്കാർ അധികാരം നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും ഇത് പ്രായോഗികമായി നടപ്പിലാകുന്നില്ല. ലൈസൻസുള്ള തോക്ക് ഉടമകളുടെ അഭാവവും നിയമപരമായ നൂലാമാലകളും നടപടികൾ വൈകിപ്പിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിലാണ് ശല്യം രൂക്ഷമാകുന്നത്.

കട്ടിപ്പാറ, വെളിമണ്ണ തുടങ്ങിയ താമരശേരിയുടെ പരിസര പ്രദേശങ്ങളിൽ കപ്പ, ചേമ്പ്, വാഴ, തെങ്ങിൻതൈകൾ, തണ്ണിമത്തൻ തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകർക്ക് വിളവെടുപ്പിന് മുൻപ് തന്നെ എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മലയോര മേഖലയിലെ കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് കാട്ടുപന്നികളെ തുരത്താൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും, കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News