Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രസംഗത്തിലല്ല, നിലപാടിലാണ് വേണ്ടതെന്നും സിപിഎം ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ.
പോലീസിന് ആർജവം ഉണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളിൽ പരിശോധന നടത്തണമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വലിയ അവകാശവാദങ്ങളാണ് ഉയർന്നത്. തെറ്റുകൾ തിരുത്തുമെന്നും പാർട്ടിയെ ശുദ്ധീകരിക്കുമെന്നും അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പാർട്ടി നേതാക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ ഈ തെറ്റുതിരുത്തൽ എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ മകൾ വീണ വിജയനും മരുമകൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗുരുതര കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. വീണ വിജയന്റെ പേരിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ‘റെഡ് ബുക്ക്’ രേഖകളും വിദേശത്തേക്കുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎമ്മിന്റെ ‘തെറ്റുതിരുത്തൽ’ രേഖയിൽ ഈ വിഷയങ്ങളോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, അധികാര ദുർവിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്ക് സ്വന്തം നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക മാനദണ്ഡമുണ്ടോ എന്ന് സിപിഎം വ്യക്തമാക്കണം.
കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ‘കേസ് കുടുംബം തന്നെ നിയമപരമായി നേരിടട്ടെ, പാർട്ടി അതിൽ ഇടപെടില്ല’ എന്ന നിലപാടെടുക്കാനുള്ള രാഷ്ട്രീയ ആർജ്ജവമാണ് സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പകരം അന്വേഷണ ഏജൻസിക്കെതിരെ സമരത്തിനിറങ്ങുകയാണ് ചെയ്യുന്നതെങ്കിൽ അതിനെ എങ്ങനെയാണ് ‘തെറ്റുതിരുത്തൽ’ എന്ന് വിശേഷിപ്പിക്കുക?
പുതിയ കുപ്പിക്കുള്ളിൽ പഴയ വീഞ്ഞ് തന്നെയാണോ സിപിഎം വീണ്ടും അവതരിപ്പിക്കുന്നത്? തെറ്റുതിരുത്തൽ പ്രസംഗങ്ങളിലല്ല, നിലപാടുകളിലാണ് വേണ്ടത്.
മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസിലും സമഗ്രമായ അന്വേഷണം വേണം. നിലവിൽ എസ്.ഐ.ടി അന്വേഷണം നടക്കുകയും നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന പ്രധാന രാഷ്ട്രീയ ഇടപെടലുകളിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്.
ഈ ഇടപാടിൽ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനും മുഹമ്മദ് റിയാസിനും എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കരാർ ഉണ്ടാക്കിയതിലും സ്റ്റേഡിയം വിട്ടുനൽകിയതിലും സർക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് ഇടപെടലാണ് ഉണ്ടായതെന്ന് പുറത്തുകൊണ്ടുവരണം.
എന്തുകൊണ്ടാണ് വി. അബ്ദുറഹിമാന്റെ വീട്ടിലേക്ക് പരിശോധന നടത്താത്തത്?
എന്തുകൊണ്ടാണ് മുഹമ്മദ് റിയാസിന്റെ വീട്ടിലേക്ക് പരിശോധന നടത്താത്തത്?
ഈ ഇടപാടുമായി ബന്ധപ്പെട്ട് എ.കെ.ജി സെന്ററിലേക്കും കന്റോൺമെന്റ് ഹൗസിലേക്കും അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്?
കരാർ സർക്കാർ അറിവോടെയും സമ്മതത്തോടെയുമാണ് നടന്നതെന്ന ആരോപണം അന്വേഷിക്കണം. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്ന് അറ്റകുറ്റപ്പണികൾക്കായി ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് വിട്ടുനൽകിയത് മുൻ സർക്കാരിന്റെ കാലത്താണ്. ഈ ഇടപാടുകളിലെ മുഴുവൻ സാമ്പത്തികവും ഭരണപരവുമായ നടപടികളും പരിശോധിക്കണം.
ആരോപണങ്ങളുടെ പേരിൽ ആരെയും മുൻകൂട്ടി കുറ്റക്കാരാക്കണമെന്നല്ല ബിജെപി പറയുന്നത്. എന്നാൽ എല്ലാവർക്കും ഒരേ നിയമം എന്ന തത്വമാണ് പാലിക്കേണ്ടത്. രാഷ്ട്രീയ ബന്ധമുള്ളവരെ ഒഴിവാക്കി മറ്റുള്ളവരിൽ മാത്രം അന്വേഷണം നടത്തുന്നത് ശരിയായ അന്വേഷണരീതിയല്ല.
ആളുകളുടെ കണ്ണിൽ പൊടിയിട്ട് ശ്രദ്ധ തിരിച്ച് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. ആത്മാർത്ഥതയുണ്ടെങ്കിൽ മെസ്സി കേസിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ വശങ്ങളും അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം.
സിപിഎം പറയുന്ന തെറ്റുതിരുത്തൽ യഥാർത്ഥമാണെങ്കിൽ അത് സ്വന്തം നേതാക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരേ മാനദണ്ഡത്തിൽ നടപ്പാക്കണം. അല്ലാത്തപക്ഷം ഇത് തെറ്റുതിരുത്തലല്ല, ജനങ്ങളെ കബളിപ്പിക്കാനുള്ള മറ്റൊരു രാഷ്ട്രീയ നാടകമാണെന്ന് ജനങ്ങൾ വിലയിരുത്തും എന്നും കെ സുരേന്ദ്രൻ പറഞ്ഞു .
---------------
Hindusthan Samachar / Sreejith S