ചേവായൂര് ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘര്ഷം : സിപിഎം നേതാക്കള് അറസ്റ്റില്
Palakkad, 16 സെപ്റ്റംബര്‍ (H.S.) ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്, ബ്രാഞ്ച് കമ്മിറ്റി അംഗം സി പി ജലീല്‍ എന്നിവരെ മെ
ALLEGATIONS AGAINST KANNUR CPM


Palakkad, 16 സെപ്റ്റംബര്‍ (H.S.)

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്, ബ്രാഞ്ച് കമ്മിറ്റി അംഗം സി പി ജലീല്‍ എന്നിവരെ മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

?2024 നവംബര്‍ 16-ന് നടന്ന ചേവായൂര്‍ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പിനിടെ മുക്കം സ്വദേശിയായ സിറാജുദ്ദീന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന ചേവായൂര്‍ ബാങ്ക് ഭരണസമിതി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് സിപിഎം പിടിച്ചെടുത്തത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തും വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടുമാണ് സിപിഎം ബാങ്ക് ഭരണം പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവദിവസം 15-ഓളം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തര വകുപ്പിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് രണ്ട് മാസം മുമ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതേസമയം, കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ കെട്ടിച്ചമച്ച രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കുമ്പോള്‍, സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബാങ്ക് തിരഞ്ഞെടുപ്പിലെ അട്ടിമറിക്ക് കൂട്ടുനിന്ന സഹകരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ മുന്‍പ് സ്ഥലം മാറ്റിയിരുന്നു.

ചേവായൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചത്. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ മേല്‍നോട്ടത്തിലാണ് ആറംഗ അന്വേഷണ സംഘം രൂപവത്കരിച്ചത്. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എംഎല്‍എ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖര്‍ എസ്‌ഐടി രൂപവത്കരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News