Enter your Email Address to subscribe to our newsletters

New delhi, 16 സെപ്റ്റംബര്‍ (H.S.)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നിര്‍ബന്ധിത പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി.തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സര്‍ക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത് ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു, ഇപ്പോള്‍ പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കൂടുതല്‍ വിപുലമായ ഈ സാമൂഹിക സുരക്ഷാ വലയം ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ സഹായകരമാകും. പല സംസ്ഥാനങ്ങളിലും അദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്, അതിനാല്‍ 2014-ല്‍ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോള്‍ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തൊഴിലന്വേഷകര്‍ക്ക് ഇത് സാമൂഹിക സുരക്ഷാ പരിരക്ഷ വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വൈഷ്ണവ് വ്യക്തമാക്കി. ഇത് സെപ്റ്റംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ചരിത്രപരമായ തീരുമാനം വഴി 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ നിര്‍ബന്ധിത ഇപിഎഫ്ഒ പരിധിയിലേക്ക് വരും. ഇത് രാജ്യത്തെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ വലയം കൂടുതല്‍ വിപുലീകരിക്കും.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒ ശമ്പള പരിധിയില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് ഇത് 15,000 രൂപയായി ഉയര്‍ത്തിയത്. വര്‍ഷങ്ങളായുള്ള ശമ്പള വര്‍ധനവും തൊഴില്‍ വളര്‍ച്ചയും കണക്കിലെടുത്താണ് ഇപ്പോള്‍ 25,000 രൂപയായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
നിലവിലെ നിയമപ്രകാരം, 15,000 രൂപയ്ക്ക് മുകളില്‍ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപിഎഫ് പരിരക്ഷ നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍ പരിധി 25,000 രൂപയാക്കിയതോടെ 15,000 നും 25,000 നും ഇടയില്‍ ശമ്പളം വാങ്ങുന്ന വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് ഇനി മുതല്‍ പിഎഫ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നിര്‍ബന്ധമായും ലഭ്യമാകും.
പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യത്തിന് പുറമെ, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (EPS) വഴിയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം (EDLI) വഴിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ ജീവനക്കാര്‍ക്ക് ലഭിക്കും.
---------------
Hindusthan Samachar / Sreejith S