കോട്ടയത്ത് വാടക ഗോഡൗണില് 3500കിലോ നിരോധിത പുകയില ഉത്പന്നങ്ങള്; പിടികൂടി എക്സൈസ്
Kottayam, 16 സെപ്റ്റംബര്‍ (H.S.) കോട്ടയത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി. 220 ചാക്കുകളിലായി ഏകദേശം 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കോട്ടയം എക്സൈസ് ഇന്റലിജന്‍സും എക്‌
Kerala excise


Kottayam, 16 സെപ്റ്റംബര്‍ (H.S.)

കോട്ടയത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി. 220 ചാക്കുകളിലായി ഏകദേശം 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കോട്ടയം എക്സൈസ് ഇന്റലിജന്‍സും എക്‌സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് പാക്കില്‍ ഇല്ലിമൂട്ടിലെ ഗോഡൗണില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

അഞ്ചുമാസം മുന്‍പാണ് പാലക്കാട് സ്വദേശികള്‍ ഈ ഗോഡൗണ്‍ വാടകയ്ക്ക് എടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില്‍പ്പന എന്ന വ്യാജേനയാണ് ഗോഡൗണ്‍ ഇവര്‍ പാര്‍ക്കില്‍ സ്വദേശിയില്‍ നിന്നും വാടകയ്ക്കെടുത്തത്. എന്നാല്‍ ഇവിടെ നിന്നും ജില്ലയില്‍ വ്യാപകമായി നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ വിതരണം ചെയ്യുന്നതായി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് രഹസ്യം വിവരം ലഭിക്കുകയായിരുന്നു. കമ്മീഷണര്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളമായി ഈ സംഘത്തെ പിന്തുടര്‍ന്ന് നിരീക്ഷിച്ചു.

പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടുകൂടി പാക്കില്‍ ഇല്ലിമൂട്ടിലെ ഗോഡൗണില്‍ എക്‌സൈസ് സംഘം എത്തിയത്. ഈ സമയം ഗോഡൗണ്‍ പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി എക്‌സൈസ് സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ഈ സംഘം ഉപയോഗിച്ചിരുന്ന വാഹനവും ഗോഡൗണിന് ഉള്ളില്‍ നിന്നും കണ്ടെത്തി.

ഈ ഗോഡൗണിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന മിനി ലോറിയും ഗോഡൗണിന് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്തിരുന്നു. ഈ രണ്ടു വാഹനങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ച സംഘത്തെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും കോട്ടയം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ അഖില്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News