Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിപ്പിച്ച് കൊന്ന കേസില്‍ വിചാരണ പുനരാരംഭിക്കുന്നതിനുള്ള തിയതി നിശ്ചിയിക്കുന്നത് കോടതി മാറ്റിവെച്ചു. കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 17 ലാക്കാണ് മാറ്റിവെച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ ഭാര്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനമായെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് വൈകിയതോടെ വിചാരണ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി ലഭിച്ച ശേഷം മാത്രമേ ഇനി വിചാരണ തീയതി തീരുമാനിക്കുകയുള്ളൂ. കഴിഞ്ഞ ആഗസ്റ്റിന് ഒന്നിന് ആരംഭിച്ച വിചാരണയില്‍ ഇതുവരെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും ആറ് രേഖകളും 10 തൊണ്ടിമുതലുകളും കോടതി തെളിവുകളായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വിസ്തരിച്ച സാക്ഷികളില്‍ ഒരാള്‍ കോടതിയില്‍ കൂറുമാറി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ നടപടികള്‍ നീണ്ടുപോകുകയാണ്.
നേരത്തെ, അപകടം നടന്ന കവടിയാര്‍ മ്യൂസിയം റോഡിലെ സി സി ടി വി ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ ഒരു വര്‍ഷത്തോളം തടസ്സപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ പേരിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. കേസില്‍ വഫ ഫിറോസിനെ കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി ഉള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിചാരണ പുരോഗമിക്കുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
---------------
Hindusthan Samachar / Sreejith S