Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 67 കേസുകളിലായി 69 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10841 ആയി. ഇതുവരെ 23835.790 ഗ്രാം എം.ഡി.എം.എ-യും 1456.311 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 12 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 6 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും
27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 48 കേസുകളും കോട്പ പ്രകാരം 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.520 ഗ്രാം എം.ഡി.എം.എയും 15.768 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയം പാക്കില്‍ ഇല്ലിമൂട്ടിലെ ഗോഡൗണില്‍നിന്ന് 220 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3500 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം ജില്ലയില്‍ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉല്‍പ്പന്ന വേട്ടകളിലൊന്നാണിത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തിരുന്നത്. ഇവരാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇവിടെനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വലിയ അളവില്‍ ഹാന്‍സ് വിതരണം ചെയ്തിരുന്നതായി എക്‌സൈസ് വ്യക്തമാക്കി.
വലിയ വാഹനത്തിലാണ് പുറത്തുനിന്ന് ഹാന്‍സ് ചാക്കുകള്‍ ഗോഡൗണില്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന്, ഗോഡൗണിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഉപയോഗിച്ച് സമീപത്തെ ചെറിയ കടകളിലേക്ക് പ്രാദേശികമായി ഹാന്‍സ് എത്തിച്ചു നല്‍കുകയായിരുന്നു പ്രതികളുടെ രീതി.
എക്‌സൈസ് സംഘം പരിശോധനയ്ക്കെത്തിയ സമയത്ത് ഗോഡൗണ്‍ പൂട്ടിയ നിലയിലായിരുന്നു. പരിശോധനയ്ക്കിടെ പ്രതികളെ സ്ഥലത്ത് കണ്ടെത്താനായില്ലെങ്കിലും വിതരണത്തിനായി സൂക്ഷിച്ചിരുന്ന കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള പാലക്കാട് സ്വദേശികളായ പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S