Enter your Email Address to subscribe to our newsletters

Kochi, 16 സെപ്റ്റംബര്‍ (H.S.)
മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പോലീസ് നടപടികളുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ്. പ്രധാന സ്‌പോണ്‍സര്‍മാരായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതിയുടെ വാറണ്ടോട് കൂടിയാണ് ചാനല്‍ ഓഫീസില്‍ റെയ്ഡിനെത്തിയത്. എന്നാല്‍ വാറണ്ട് കൈപ്പറ്റാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ച് മിനിറ്റ് കൊണ്ട് എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറന്ന് തരാന്‍ പലതവണ പറഞ്ഞെങ്കിലും തുറന്ന് നല്‍കിയില്ല. ഡിജിറ്റലായി ലോക്കാണ്. നിലവില്‍ പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് നടന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധനക്ക് എത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും ചാനല്‍ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ വിവിധ വീടുകളിലും ഉള്‍പ്പെടെ അഞ്ച് ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഓഫിസില്‍ പരിശോധനയ്ക്കായി എത്തിയത്.
ചാനല്‍ ഓഫീസില്‍ എത്തിയ പോലീസ് സംഘം പ്രവര്‍ത്തനം തടഞ്ഞതായി റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റും ആരോപിച്ചു. ചാനല്‍ ഓഫിസിലെ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഭരണകൂടം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തെ ഭയപ്പെടുത്തി നിര്‍വീര്യമാക്കാനുള്ള ശ്രമമാണിതെന്നും റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിലുള്ള വിരോധമാണ് റെയ്ഡിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ അടക്കം പിടിച്ചുവച്ചതായും ആരോപണമുണ്ട്. എന്നാല്‍ പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പരിശോധന തടസപ്പെടുത്താനുളള ശ്രമമാണ് ചാനല്‍ നടത്തുന്നത് എന്നാണ് പോലീസിന്റെ ആരോപണം.
മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും വ്യാപകമായ ജിഎസ്ടി വെട്ടിപ്പും നടന്നതായി ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പരിപാടിയുടെ സംഘാടനത്തിന്റെ പേരിലും സ്‌പോണ്‍സര്‍ഷിപ്പ് തുക സമാഹരണത്തിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. ഫുട്‌ബോള്‍ ആരാധകരുടെ ആവേശം മുതലെടുത്ത് വന്‍തോതില്‍ പണപ്പിരിവ് നടത്തിയെന്നും ഇതിന് കൃത്യമായ കണക്കുകളില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.
---------------
Hindusthan Samachar / Sreejith S