Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്‌കില്‍ ഒരു സംഘം പൊലീസുകാര്‍ ഇരച്ചുകയറി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും പകര്‍ത്തി.
അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ദല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലില്‍ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ്് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാന്‍ പോകുന്നില്ല.
മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് നടന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധനക്ക് എത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും ചാനല്‍ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ വിവിധ വീടുകളിലും ഉള്‍പ്പെടെ അഞ്ച് ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഓഫിസില്‍ പരിശോധനയ്ക്കായി എത്തിയത്.
ചാനല്‍ ഓഫീസില്‍ എത്തിയ പോലീസ് സംഘം പ്രവര്‍ത്തനം തടഞ്ഞതായി റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റും ആരോപിച്ചു. ചാനല്‍ ഓഫിസിലെ റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഭരണകൂടം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തെ ഭയപ്പെടുത്തി നിര്‍വീര്യമാക്കാനുള്ള ശ്രമമാണിതെന്നും റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിലുള്ള വിരോധമാണ് റെയ്ഡിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ അടക്കം പിടിച്ചുവച്ചതായും ആരോപണമുണ്ട്. എന്നാല്‍ പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പരിശോധന തടസപ്പെടുത്താനുളള ശ്രമമാണ് ചാനല്‍ നടത്തുന്നത് എന്നാണ് പോലീസിന്റെ ആരോപണം.
മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും വ്യാപകമായ ജിഎസ്ടി വെട്ടിപ്പും നടന്നതായി ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പരിപാടിയുടെ സംഘാടനത്തിന്റെ പേരിലും സ്‌പോണ്‍സര്‍ഷിപ്പ് തുക സമാഹരണത്തിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. ഫുട്‌ബോള്‍ ആരാധകരുടെ ആവേശം മുതലെടുത്ത് വന്‍തോതില്‍ പണപ്പിരിവ് നടത്തിയെന്നും ഇതിന് കൃത്യമായ കണക്കുകളില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.
---------------
Hindusthan Samachar / Sreejith S