Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം; കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മുകുളം എന്ന പേരിൽ നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കായുള്ള ത്രിദിന കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഴയ കാലങ്ങളിൽ നിന്ന് വിഭിന്നമായി പ്രൈമറി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പരിചപ്പെടുത്തൽ ഇത്തരത്തിലുള്ള ശിൽപശാലകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ, കഴിവുകൾ, അഭിരുചികൾ എന്നിവ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളിലേക്ക് അവരെ നയിക്കുന്നതിനുള്ള അധ്യാപകരുടെ പങ്ക് ശക്തിപ്പെടുത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. 2011 മുതൽ ഹയർ സെക്കണ്ടറി തലത്തിൽ കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. പ്രൈമറി തലത്തിലേക്കും ഹൈസ്‌കൂൾ തലത്തിലേക്കും ഈ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ശിൽപശാല സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ. എസ്. ഷിബു , ഹയർ സെക്കണ്ടറി വിഭാഗം അക്കാദമിക് ജോയന്റ് ഡയറക്ടർ ഡോ. അശ്റഫ് കൊയിലോത്താൻ കണ്ടിയിൽ, കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെൽ സ്റ്റേറ്റ് കോഡിനേറ്റർ ഡോ. സി.എം. അസീം തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത അമ്പതോളം പ്രൈമറി, ഹൈസ്‌കൂൾ അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളിൽ ചെറുപ്പം മുതൽ കരിയർ അവബോധം വളർത്തുക, വിദ്യാർത്ഥികളുടെ താൽപര്യം, അഭിരുചി, കഴിവ് എന്നിവ തിരിച്ചറിയാൻ അധ്യാപകരെ പ്രാപ്തരാക്കുക, വിവിധ ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുക, കരിയർ തിരഞ്ഞെടുപ്പിൽ അധ്യാപകരുടെ മെന്റർ എന്ന നിലയിലുള്ള പങ്ക് ശക്തിപ്പെടുത്തുക, പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അനുയോജ്യമായ കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുക തുടങ്ങിയവയാണ് പരിശീലനത്തിന്റെ ലക്ഷ്യങ്ങൾ.
---------------
Hindusthan Samachar / Sreejith S