Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ 'മയങ്ങില്ല കേരളം' ജനകീയ ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും. 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ബ്രോഷർ പ്രകാശന ചടങ്ങ് ഇന്ന് നടന്നു. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി എം ലിജു പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ലഹരിക്കെതിരായ പോരാട്ടം അതിശക്തമായി നടത്തുന്നതിന്റെ ഭാഗമായാണ് ജനജാഗ്രതാ സമിതികൾ രൂപീകരിക്കാനുള്ള തീരുമാനം. 'മയങ്ങില്ല കേരളം' ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ ഇടപെടലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും സജീവ സഹകരണം അനിവാര്യമാണ്. ഓരോ വാർഡുകളിൽ നിന്നുമാണ് ലഹരിക്കെതിരായ ജനകീയ പോരാട്ടം ശക്തമാകുന്നതെന്നും മന്ത്രി എം ലിജു പറഞ്ഞു. എക്സൈസ് വകുപ്പിന്റെ പോരാട്ടത്തിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും നിലയുറപ്പിച്ച് നിൽക്കുമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. ഡീ- അഡിക്ഷൻ സെന്ററുകൾ കൊണ്ടുവരുന്ന ഘട്ടത്തിലുണ്ടാകുന്ന നിയമതടസ്സങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനജാഗ്രതാ സമിതികൾ രൂപീകരിക്കുക, വാർഡുതല ലഹരിവിരുദ്ധ യോഗങ്ങൾ സംഘടിപ്പിക്കുക, വോളന്റിയർമാരെ തെരഞ്ഞെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക, റെസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കാളിയാക്കുക, കൗൺസിലിങ്ങും ചികിത്സാ സഹായവും ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് ശരിയായ സേവനത്തിലേക്ക് റഫർ ചെയ്യുക, ലഹരിവിരുദ്ധ കലാ, കായിക, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ചികിത്സയ്ക്ക് ശേഷമുള്ള പുനരധിവാസത്തിനും സാമൂഹിക പിന്തുണയ്ക്കും സഹകരിക്കുക തുടങ്ങിയവയാണ് എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിൽ വരുത്തുക. ഇതുകൂടാതെ, ലഹരി ഉപയോഗിക്കുന്ന സംഘങ്ങളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്ന ഇടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഇടങ്ങളാക്കി മാറ്റുന്ന 'റിലാക്സ്' പദ്ധതിയും നടപ്പിൽ വരും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S