അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
Wayanad , 17 സെപ്റ്റംബര് (H.S.) ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ അന്വേഷണത്തിനിടെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു. 14 ദ
Anto Augustine


Wayanad , 17 സെപ്റ്റംബര് (H.S.)

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ അന്വേഷണത്തിനിടെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.

മെസ്സി വിഷയത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിയമപരമായ പരിധിയിൽ കൂടുതൽ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് വകുപ്പ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് പരിസരത്തുനിന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹത്തെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരള അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എസ്.ഐ.ടി വിവരമറിയിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവയ്ക്ക് പുറമെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത വിദേശ മദ്യക്കുപ്പികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വാഹനങ്ങളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫിസിലെത്തി അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. എന്നാൽ അറസ്റ്റിനിടെ വലിയ നാടകീയ രംഗങ്ങളാണ് ഓഫിസിൽ അരങ്ങേറിയത്. എഫ്.ഐ.ആർ പകർപ്പ് കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന കർശന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എക്സൈസ് ഉദ്യോഗസ്ഥർ സീഷർ മഹസർ വായിച്ചുകേൾപ്പിച്ചെങ്കിലും അദ്ദേഹം നടപടികളോട് സഹകരിച്ചില്ല. എഫ്.ഐ.ആറിൻ്റെ ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആർ പകർപ്പുമായി എത്തിയ ശേഷമാണ് അറസ്റ്റിന് വഴങ്ങിയത്.

20 മണിക്കൂർ നീണ്ട പരിശോധനകഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആൻ്റോ ആരോപിച്ചു. വീട്ടിൽ എന്തിനാണ് ഇത്രയും മദ്യം സൂക്ഷിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന ഇയാൾ, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതികരിച്ചു. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അവസാനിച്ചത്. 20 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ എസ്.ഐ.ടി സംഘം മടങ്ങുന്നതിന് തൊട്ടുമുൻപാണ് എക്സൈസ് ഉദ്യോഗസ്ഥർ ഓഫിസിലെത്തിയത്.

റെയ്ഡിൽ നിർണായകമായ നിരവധി രേഖകളും മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുപുറമെ 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തിട്ടുണ്ട്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ എസ്.ഐ.ടി തലവൻ നൽകുമെന്നും എ.സി.പി ബിജോയ് ചന്ദ്രൻ അറിയിച്ചു. റെയ്ഡ് നടത്തുമ്പോൾ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താൻ നോക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റ് അനുമതിയോടെ ആൻ്റോ അഗസ്റ്റിൻ്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും, ആൻ്റോയുമായി ബന്ധമുണ്ടെന്ന് കരുതുന്ന 'ഗോട് ആഡ്' എന്ന മാർക്കറ്റിങ് കമ്പനിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News