വിസയും പാസ്പോർട്ടുമില്ലാതെ കണ്ണൂരിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശി യുവതികൾ അറസ്റ്റിൽ
Kannur , 17 സെപ്റ്റംബര് (H.S.) വിസയും പാസ്പോർട്ടുമടക്കമുള്ള യാത്രാരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് ജോലി ചെയ്തുവരികയായിരുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ കണ്ണൂർ നഗരത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ വിവിധ സ്പാകളിൽ ജോലി
BANGLADESHI WOMEN ARRESTED KANNUR


Kannur , 17 സെപ്റ്റംബര് (H.S.)

വിസയും പാസ്പോർട്ടുമടക്കമുള്ള യാത്രാരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് ജോലി ചെയ്തുവരികയായിരുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ കണ്ണൂർ നഗരത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്.

അനധികൃതമായി വിദേശികൾ നഗരത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സ്പാകളിൽ നടത്തിയ പരിശോധനയിൽ യുവതികൾക്ക് സാധുവായ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഹാജരാക്കാൻ സാധിച്ചില്ല. ചോദ്യം ചെയ്യലിലാണ് ഇവർ ബംഗ്ലാദേശ് സ്വദേശികളാണെന്നും അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതാണെന്നും വ്യക്തമായത്.

സംഭവത്തിൽ ഇവർക്ക് വ്യാജ രേഖകൾ ചമയ്ക്കാൻ സഹായം ലഭിച്ചിട്ടുണ്ടോ എന്നും, സ്പാ ഉടമകൾക്ക് ഇവരുടെ അനധികൃത താമസത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ യുവതികളെ കോടതിയിൽ ഹാജരാക്കി തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കും.

ബംഗ്ലാദേശി പൗരന്മാർ ഇനിയും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ നീക്കം. അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി.

വ്യാജ ആധാർ കാർഡുമായി യാത്രവലിയ ആസൂത്രണത്തോടെയാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ബംഗ്ലാദേശിൽനിന്ന് അതിർത്തി കടത്താൻ ഇത്തരക്കാർക്ക് പ്രത്യേക ഏജൻ്റുമാരുണ്ട്. അതിർത്തി കടന്ന് നേരേ പശ്ചിമബംഗാളിലേക്കാണ് ആദ്യം എത്തുന്നതെന്ന് പൊലീസ് പറയുന്നു. അവിടെനിന്ന് ഫോട്ടോയെടുത്ത് വ്യാജ ആധാർ കാർഡും മൊബൈൽ സിംകാർഡും സംഘടിപ്പിക്കും. ഇതുപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി യാത്ര തുടങ്ങുന്നത്. എവിടെയെങ്കിലും പൊലീസ് പരിശോധനയുണ്ടായാൽ ആധാർ കാർഡിലെ ഫോട്ടോയും കണ്ണിലെ കൃഷ്ണമണിയും പരിശോധിച്ചാൽ ആധാർ കാർഡിലുള്ള ആൾ തന്നെയാകും. എന്നാൽ അവരുടെ മേൽവിലാസം കൃത്യമായിരിക്കില്ല. സ്പായിൽ ജോലിക്കായിട്ടാണ് പലരും കേരളത്തിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

യുവതികളെ എത്തിക്കാൻ ഏജൻസികൾഏജൻ്റ് മുഖേന മുംബൈയിൽനിന്നാണ് പ്രധാനമായും റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ജോലിചെയ്യുന്ന സ്ഥാപനവും താമസ സ്ഥലവും വിട്ട് ഇവർ എവിടെയും പോകാറില്ല. ഒഴിവ് ദിവസങ്ങളിൽ പോലും ജോലി ചെയ്യും. ശമ്പളത്തിന് പുറമേ വലിയ തുക ടിപ്പായും ലഭിക്കുമെന്നുള്ളതാണ് ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. 20 മുതൽ 50 വയസുവരെയുള്ളവരാണ് പ്രധാനമായും എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ബംഗ്ലാദേശിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യുവതികളെ എത്തിക്കാൻ സംസ്ഥാനത്തും പുറത്തും വലിയ ഏജൻസികളുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായി.

അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്കണ്ണൂരിൽനിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കിട്ടിയത്. ഇൻ്റലിജൻസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. താണയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് നഗരത്തിലെ സ്പാ മസാജ് സെൻ്ററിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 14ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്പായിൽനിന്ന് ഫരീദ്പൂർ സ്വദേശിനിയായ സലീന അക്തർ (29) എന്ന യുവതി പിടിയിലായി. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇവർ ഇവിടെ താമസിച്ച് വരികയായിരുന്നു. സലീനയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിസയും പാസ്പോർട്ടുമില്ലാതെ കണ്ണൂരിൽ ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് യുവതികൾ പിടിയിലായത്.

ഇതോടെ രണ്ടുദിവസത്തിനുള്ളിൽ നസ്മ അഖ്തർ (40), കെ. തസ്ലിമ (25), കെ. മൊയ്ന (29), നസ്റിൻ ബീബി (28) എന്നിവരുൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നിർദേശപ്രകാരം എസ്.ഐ ടി.കെ. അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിദേശികൾ അനധികൃതമായി താമസിക്കുന്നുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും സ്പാകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News