Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
കൊവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ (BPL) കുടുംബങ്ങളിലെ ആശ്രിതർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ തുക അനുവദിച്ചു. പത്തനംതിട്ട, കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് ജില്ലകൾക്കായി ആകെ 9,96,45,000 (ഒൻപത് കോടി തൊണ്ണൂറ്റാറ് ലക്ഷത്തി നാല്പത്തിയഞ്ചായിരം) രൂപയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് അനുവദിച്ചത്.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്കാണ് തുക ലഭ്യമാക്കിയതോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. അർഹരായ ബി.പി.എൽ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് സർക്കാരിന്റെ ഈ നടപടി.
കൊവിഡ് മൂലം മരണമടഞ്ഞ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം നൽകുന്നതാണ് പദ്ധതി. ആദ്യ ഗഡു ലഭിക്കുന്ന മാസം മുതൽ മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് (ഡിബിടി) തുക ലഭ്യമാക്കും.
പുതിയ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലയ്ക്ക് 5,15,90,000 രൂപയും എറണാകുളത്തിന് 3,41,40,000 രൂപയും പത്തനംതിട്ടയ്ക്ക് 1,39,15,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ കലക്ടർമാർ സമർപ്പിച്ച ശിപാർശ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി. അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് ഉടൻ കൈമാറും. തുക ലഭിച്ച ശേഷം താമസം കൂടാതെ അർഹരായവർക്ക് വിതരണം ചെയ്ത് വിവരം സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ കർശന നിർദേശമുണ്ട്.
മുൻപ് സഹായം ലഭിച്ചത് 5,702 കുടുംബങ്ങൾക്ക്സംസ്ഥാനത്താകെ 5,702 കുടുംബങ്ങൾക്കാണ് ഈ ധനസഹായം ലഭിക്കുന്നത്. മാതാപിതാക്കളിൽ വരുമാന ദായകരോ രണ്ടുപേരുമോ മരിച്ചവരുടെ കുട്ടികൾ അടക്കമുള്ള കുടുംബത്തിനാണ് ഈ ആശ്വാസധനം നൽകുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉള്ളത്. 978 പേർക്കാണ് ഇവിടെ സഹായം നൽകിയിരുന്നത്. തിരുവനന്തപുരം (777), ആലപ്പുഴ (750), പാലക്കാട് (685), തൃശൂർ (684), മലപ്പുറം (652), കോട്ടയം (460), എറണാകുളം (423), ഇടുക്കി (280), കണ്ണൂർ (197), കൊല്ലം (159), വയനാട് (157), കാസർകോട് (148), പത്തനംതിട്ട (36) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ സഹായം ലഭിച്ചിരുന്നവരുടെ കണക്കുകൾ. മഹാമാരി തീർത്ത പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഈ പദ്ധതി.
മുടങ്ങിയ പദ്ധതിക്ക് വീണ്ടും ജീവൻകൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബങ്ങളിലെ ആശ്രിതർക്ക് മുൻ സർക്കാർ അനുവദിച്ച പ്രതിമാസ ധനസഹായ വിതരണം 2023 നവംബറിന് ശേഷം പൂർണ്ണമായും നിലച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അന്ന് വിതരണം നിർത്തിവച്ചത്. 2021 ഒക്ടോബർ 13ന് അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് തുക നൽകുമെന്ന് ഉറപ്പു നൽകിയിരുന്നത്.
എന്നാൽ സംസ്ഥാന ബജറ്റിൽ ഇതേ ആവശ്യത്തിന് തുക വകയിരുത്താത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിച്ചിരുന്നത്. പിന്നീട് ഫണ്ടില്ലെന്ന കാരണത്താൽ ഇത് നിർത്തുകയായിരുന്നു. മാസങ്ങളായി സഹായം ലഭിക്കാതെ ദുരിതത്തിലായ കുടുംബങ്ങളുടെ പരാതികൾ പരിഗണിച്ചാണ് നിലവിലെ സർക്കാർ ഇപ്പോൾ കുടിശിക തീർക്കാൻ ഫണ്ട് അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകൾക്കും തുക അനുവദിക്കുമെന്നാണ് സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR