Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് ശേഷവും സിപിഎമ്മിൽ മുറുമുറുപ്പ് തുടരുന്നു. തിരിച്ചടിയുടെ കാരണങ്ങൾ വിശകലനം ചെയ്ത യോഗത്തിന് ഒടുവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി വൻതോതിൽ വിപുലീകരിച്ച് 'ജംബോ കമ്മിറ്റി'ക്ക് രൂപം നൽകി.
ഒൻപത് പുതിയ അംഗങ്ങളെക്കൂടി ക്ഷണിതാക്കളായി ഉൾപ്പെടുത്തിയതോടെ സംസ്ഥാന കമ്മിറ്റിയിലെ ആകെ അംഗസംഖ്യ 99 ആയി ഉയർന്നു. എന്നാൽ, തോൽവിയുടെ ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കുന്നതിനും തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും പകരം കമ്മിറ്റികളുടെ വലുപ്പം കൂട്ടുന്നതിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്.
അർഹതയും പ്രവർത്തന പരിചയവുമുള്ള നിരവധി മുതിർന്ന നേതാക്കളെ ഇപ്പോഴും നേതൃത്വത്തിൽനിന്ന് ഒഴിവാക്കി നിർത്തിയിരിക്കുകയാണെന്ന അമർഷവും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ മൂടിവെക്കാനും പ്രമുഖ നേതാക്കൾക്കെതിരെയുള്ള നടപടികൾ ഒഴിവാക്കാനുമാണ് ഇത്തരം പുനഃസംഘടന കൊണ്ട് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. വരും ദിവസങ്ങളിൽ കമ്മിറ്റി വിപുലീകരണവും നേതാക്കളുടെ അവഗണനയും പാർട്ടിയിൽ കൂടുതൽ ആഭ്യന്തര തർക്കങ്ങൾക്ക് വഴിതുറന്നേക്കും.
അംഗസംഖ്യ 99ൽ എത്തി
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ 89 പേരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. പിന്നീട് വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതോടെ അംഗസംഖ്യ തൊണ്ണൂറായി. ഇതിനുപുറമെയാണ് ഇപ്പോൾ പുതിയ ആളുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി, ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ്, എം വിജിൻ, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, കണ്ണൂരിൽ നിന്നുള്ള എൻ സുകന്യ, തിരുവനന്തപുരത്ത് നിന്നുള്ള ഒ എസ് അംബിക, പാലക്കാട് നിന്നുള്ള സുബൈദ ഇസ്ഹാഖ്, കവി പ്രഭാവർമ എന്നിവരെയാണ് സ്ഥിരം ക്ഷണിതാക്കളാക്കിയത്. അച്ചടക്ക നടപടിയെ തുടർന്ന് കൊല്ലത്തുനിന്ന് മാറ്റിനിർത്തപ്പെട്ട സൂസൻ കോടിയും സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിൽ അഴിച്ചുപണി
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മൂന്നുപേരെയാണ് പുതിയതായി കൊണ്ടുവന്നത്. പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവർ അംഗങ്ങളായപ്പോൾ ജോൺ ബ്രിട്ടാസിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി. അതേസമയം സെക്രട്ടേറിയറ്റ് അംഗങ്ങളായ തോമസ് ഐസക്കിനെയും എൽഡിഎഫ് കൺവീനർ കൂടിയായ ടി പി രാമകൃഷ്ണനെയും ഒഴിവാക്കി. പിണറായി വിജയൻ്റെ നിലപാടുകൾ തിരുത്തപ്പെടണമെന്ന ആവശ്യം ഇരുവരും പരോക്ഷമായി ഉന്നയിച്ചതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പാർട്ടി സെക്രട്ടേറിയറ്റിൽ ക്ഷണിതാക്കളായി പങ്കെടുക്കാമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്ന ഇ പി ജയരാജനെ നിലനിർത്തിയതിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
ഷംസീറിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീറിനെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയതിലും പാർട്ടിയിൽ ഭിന്നതയുണ്ട്. സംഘടനാ പ്രവർത്തനത്തിലൂടെയല്ലാതെ നേതൃനിരയിലേക്ക് ജോൺ ബ്രിട്ടാസ് എത്തുമ്പോൾ, വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന ഷംസീറിനെ തഴഞ്ഞത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. സെക്രട്ടേറിയറ്റിലേക്ക് വന്ന മറ്റെല്ലാവരും പാർട്ടി സംഘടനയിലൂടെ തലപ്പത്ത് എത്തിയവരാണ്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഏറ്റവും അടുപ്പം പുലർത്തിയിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ഷംസീർ.
എസ്എഫ്ഐയിലും അതൃപ്തിഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെയും പ്രസിഡൻ്റിനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന പതിവ് സിപിഎമ്മിനില്ല. എന്നാൽ ഇക്കുറി ഈ കീഴ്വഴക്കം ലംഘിച്ച് ഇരുവരേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതോടെ വിദ്യാർഥി സംഘടനയ്ക്കുള്ളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. രണ്ടു വർഷത്തിലൊരിക്കൽ സമ്മേളനം നടക്കുന്ന സംഘടനയായതിനാൽ മുൻപുള്ളവരെ മറികടന്ന് നിലവിലെ നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയതാണ് വിമർശനത്തിന് കാരണം.
എന്നാൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്നും പുതിയ തലമുറയുടെ രാഷ്ട്രീയം ചർച്ചയാക്കേണ്ടതുണ്ടെന്നുമാണ് സിപിഎം നേതൃത്വത്തിൻ്റെ ന്യായീകരണം. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR