Enter your Email Address to subscribe to our newsletters

Ernakulam , 17 സെപ്റ്റംബര് (H.S.)
വിവാദമായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ച് മൊഴിയെടുത്തെന്ന ഗുരുതര ആരോപണവുമായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത. മുൻപ് രേഖപ്പെടുത്തിയ മൊഴികൾ ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും അവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇഡി ഡയറക്ടർക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിൻ്റെ സഹോദരൻ നൽകിയ പരാതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ ഇഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തൻ്റെ വസതിയിൽ വച്ച് ക്രമവിരുദ്ധമായ നടപടികളും ഭീഷണിയുമുണ്ടായി എന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. സമാനമായ ആവശ്യവുമായി സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുരേഷ് കുമാർ നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ അടങ്ങിയ പുതിയ സത്യവാങ്മൂലവും പുറത്തുവരുന്നത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങളും നിർബന്ധിത വിരലടയാളവുംഎഴുപത്തിരണ്ടുകാരനായ ശശിധരൻ കർത്ത പാർക്കിൻസൺസ് സിൻഡ്രോം, ഡിമെൻഷ്യ, ഇസ്കെമിക് ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലാണെന്ന് പരാതിയിൽ പറയുന്നു. ഈ മാനസിക ശാരീരിക അവസ്ഥ മുതലെടുത്താണ് ഇഡി ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കിയത്.
ചെറിയ രീതിയിലുള്ള ചോദ്യം ചെയ്യൽ മാത്രമേ ഉണ്ടാകൂ എന്ന് ബന്ധുക്കളെയും വ്യക്തിഗത ഡോക്ടറെയും ബോധ്യപ്പെടുത്തിയ ശേഷമാണ് ഇഡി പരിശോധന തുടങ്ങിയത്. എന്നാൽ ചോദ്യം ചെയ്യലിൻ്റെ ഉള്ളടക്കം പോലും മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്ന കർത്ത, മാനസിക സമ്മർദം മൂലം മരിക്കാനുള്ള ആഗ്രഹം വരെ പ്രകടിപ്പിച്ചിരുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആദായനികുതി വകുപ്പിന് മുൻപ് നൽകിയതും പിന്നീട് പിൻവലിച്ചതുമായ അതേ ചോദ്യോത്തരങ്ങൾ ഇഡി തയാറാക്കുകയും, എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കർത്തയുടെ വിരലടയാളം ബലമായി പതിപ്പിക്കുകയുമായിരുന്നു.
കർത്തയുടെ വസതിയിൽ വച്ച് തന്നെ സിഎംആർഎൽ ജീവനക്കാരായ സുരേഷ് കുമാർ പി, കെ എസ് സുരേഷ് കുമാർ എന്നിവരെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ബന്ധുക്കളുടെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ നടപടി. തുടർന്ന് മറ്റ് ജീവനക്കാരുടെ പേരിൽ മുൻകൂട്ടി തയാറാക്കിയ മൊഴിപ്പത്രങ്ങളിൽ ശശിധരൻ കർത്തയുടെ വിരലടയാളം ബലമായി പതിപ്പിച്ചു. ഈ മൊഴികളുടെ ഉള്ളടക്കം അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇഡി ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് കർത്തയെ ചികിത്സിക്കുന്ന ഡോക്ടർ സജേഷ് അശോകൻ നൽകിയ പ്രസ്താവനയും അനുബന്ധമായി നൽകിയിട്ടുണ്ട്.
പൊളിയുന്നത് ഇഡിയുടെ വാദങ്ങൾവീണ ടി സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റി എന്ന് ശശിധരൻ കർത്ത മൊഴി നൽകിയിരുന്നു എന്നായിരുന്നു ഇഡി ഉന്നയിച്ച പ്രധാന വാദം. എന്നാൽ നിലവിലെ സത്യവാങ്മൂലം പുറത്തുവന്നതോടെ ഇഡിയുടെ വാദങ്ങളുടെ വിശ്വസനീയത പൂർണമായും ചോദ്യം ചെയ്യപ്പെടുകയാണ്.
തങ്ങൾക്കും ജീവനക്കാർക്കും ഭീഷണിയായ ഇഡി ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി വേണമെന്നാണ് ഇഡി ഡയറക്ടർക്ക് നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സിഎംആർഎൽ അനധികൃതമായി പണം നൽകിയെന്ന മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരുന്നത്. ഈ കേസിൻ്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR