Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
സ്വർണം വാങ്ങാനിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പ്രാദേശിക വിപണിയിലും സ്വർണവില കുറഞ്ഞത്.
വ്യാഴാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയിലെത്തി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന്റെ വില 1,12,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,510 രൂപയായി. എട്ട് ഗ്രാമിന് 92,080 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 8,965 രൂപയിലും എട്ട് ഗ്രാമിന് 71,720 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,780 രൂപയായി. എട്ട് ഗ്രാമിന് 46,240 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും പത്ത് ഗ്രാമിന് 2,450 രൂപയുമാണ് നിരക്ക്. 2026 ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും എട്ട് ഗ്രാമിന് 1,31,160 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
കഴിഞ്ഞ ദിവസങ്ങളിലെ വില പരിശോധിച്ചാൽ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. സെപ്റ്റംബർ പത്തിന് ഗ്രാമിന് 14,255 രൂപയുണ്ടായിരുന്ന സ്വർണവില പിന്നീട് താഴോട്ട് പോകുന്നതാണ് കണ്ടത്. സെപ്റ്റംബർ 12ന് വില 14,155 രൂപയായി കുറഞ്ഞു.
സെപ്റ്റംബർ 14ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായെങ്കിലും അന്ന് വൈകുന്നേരം വീണ്ടും 115 രൂപയുടെ ഇടിവുണ്ടായി വില 14,010 രൂപയിലെത്തി. എന്നാൽ സെപ്റ്റംബർ 15ന് ഗ്രാമിന് 30 രൂപയും 16ന് 25 രൂപയും വർധിച്ച് വില യഥാക്രമം 14,040 രൂപയിലും 14,065 രൂപയിലുമെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് നേട്ടമാകുന്നത്.
ഫെഡ് നിരക്ക് വർധനയും സ്വർണവും
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 2023ന് ശേഷം ആദ്യമായി അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചു. അടിസ്ഥാന പലിശനിരക്കിൽ 25 ബേസിസ് പോയിൻ്റിൻ്റെ വർധനയാണ് വരുത്തിയത്. ഇതോടെ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് 4.00 ശതമാനമായി ഉയർന്നു. പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യത്തേക്കാൾ ഉയർന്ന നിലയിൽ തുടരുന്നതിനാലാണ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമായത്. 12 അംഗ സമിതി ഐകകണ്ഠേനയാണ് തീരുമാനമെടുത്തത്. തൊഴിൽ വിപണി ഉൾപ്പെടെ അമേരിക്കൻ സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം വളരെ കൂടുതലാണെന്നും അതിനാൽ 2023ന് ശേഷം ആദ്യമായി നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായെന്നും ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കി. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം വില സ്ഥിരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കയറ്റം തടയാൻ ഫെഡറൽ റിസർവിന് ഒറ്റയ്ക്ക് കഴിയില്ലെങ്കിലും അത് വ്യാപിക്കുന്നത് തടയാനാകും.
മിഡിൽ ഈസ്റ്റ് യുദ്ധം നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ കാഴ്ചപ്പാടിനെ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഈ വർഷം അവസാനത്തോടെ പലിശനിരക്ക് 4.1 ശതമാനത്തിൽ എത്തുമെന്നാണ് ഫെഡറൽ റിസർവിൻ്റെ പ്രവചനം. അതായത് ഈ വർഷം ഒരു തവണ കൂടി 25 ബേസിസ് പോയിൻ്റിൻ്റെ വർധന ഉണ്ടായേക്കാം. അതേസമയം ഫെഡറൽ റിസർവിൻ്റെ തീരുമാനത്തിൽ വൈറ്റ് ഹൗസ് അതൃപ്തി രേഖപ്പെടുത്തി. അമേരിക്കൻ പലിശനിരക്ക് ഒരു ശതമാനമോ അതിൽ താഴെയോ ആയിരിക്കണമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി വാദിക്കുന്നത്.
പലിശനിരക്ക് ഉയർന്നത് സ്വർണത്തിന് തിരിച്ചടിയായെങ്കിലും സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. ഉയർന്ന പലിശനിരക്ക് അമേരിക്കൻ ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തും. ഇത് സ്വർണം കൈവശം വയ്ക്കുന്നതിൻ്റെ അവസരച്ചെലവ് വർധിപ്പിക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറാൻ കാരണമാകുന്നു. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളും സ്വർണത്തിന് അനുകൂല ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ ആവശ്യകത വർധിക്കാൻ ഇത് കാരണമായേക്കാം. വരും ദിവസങ്ങളിൽ പണപ്പെരുപ്പം, തൊഴിൽ കണക്കുകൾ, ആഗോള സംഭവവികാസങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും സ്വർണവിലയിലെ മാറ്റങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR