തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
Kannur , 17 സെപ്റ്റംബര് (H.S.) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്ഥ ശിശു മരിച്ചു. പേരാവൂർ വെള്ളാർവെള്ളി തൈക്കണ്ടിയിൽ ഓട്ടോ ഡ്രൈവറായ ബിജേഷിന്റെയും ശ്രീജയുടെയും (39) കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത
THALASSERY GENERAL HOSPITAL


Kannur , 17 സെപ്റ്റംബര് (H.S.)

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്ഥ ശിശു മരിച്ചു. പേരാവൂർ വെള്ളാർവെള്ളി തൈക്കണ്ടിയിൽ ഓട്ടോ ഡ്രൈവറായ ബിജേഷിന്റെയും ശ്രീജയുടെയും (39) കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

ശ്രീജയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ പരിചരണത്തിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ബന്ധുക്കളുടെ ആരോപണം തലശ്ശേരി ജനറൽ ആശുപത്രി അധികൃതർ പൂർണ്ണമായും നിഷേധിച്ചു. പ്രസവസമയത്ത് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിയിരുന്നതായി വ്യക്തമാക്കിയ ആശുപത്രി അധികൃതർ, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി ശ്രീജ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഇവരുടെ രണ്ടാമത്തെ പ്രസവമാണിത്. ചൊവ്വാഴ്ചയാണ് ശ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പ്രസവവേദന വരാനുള്ള മരുന്ന് നൽകുകയും വ്യാഴാഴ്ച പുലർച്ചെ നാലോടെ പ്രസവമുറിയിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ പത്തുമണിയോടെ ചെറിയ രീതിയിൽ രക്തസ്രാവമുണ്ടെന്നും അടിയന്തരമായി സിസേറിയൻ വേണമെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകി. എന്നാൽ, പതിനൊന്നു മണിയോടെ കുഞ്ഞ് മരിച്ച വിവരമാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ദുരന്തവാർത്തയറിഞ്ഞ് തളർന്നുവീണ ശ്രീജയുടെ അമ്മ, ഇളയമ്മ, സഹോദരൻ എന്നിവർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ വ്യക്തമാക്കി. രാത്രി 9.30 വരെ കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നു. പ്രതീക്ഷിച്ച രീതിയിൽ കുട്ടി പുറത്തുവരുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സിസേറിയൻ ചെയ്യാൻ തീരുമാനിച്ചത്. ഗർഭപാത്രത്തിൽ നിന്ന് മറുപിള്ള വേർപെടുന്ന 'അബ്രപ്ഷ്യോ പ്ലാസൻ്റ' എന്ന അടിയന്തര സാഹചര്യമാണ് പെട്ടെന്നുണ്ടായത്. ഇത് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും കുഞ്ഞിനെ രക്ഷിക്കാൻ ശിശുരോഗ വിദഗ്ധര് അടക്കമുള്ളവരുടെ സംഘം പരമാവധി ശ്രമിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തിൽ കുടുംബം എംഎൽഎ, പൊലീസ്, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ ആവശ്യപ്രകാരം പരിയാരം ഗവ. മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. വിവരമറിഞ്ഞ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News