മൃഗശാല മാറ്റിസ്ഥാപിക്കൽ: മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ വി.വി. രാജേഷ്; വിഷയം ഗൗരവമായി ചർച്ച ചെയ്യണം
Thiruvananthapuram, 17 സെപ്റ്റംബര് (H.S.) തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ മൃഗശാല നഗരഹൃദയത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പൂർണ്ണമായി പിന്തുണച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. നഗരത്തിലെ അമ
KERALA CM ZOO SHIFT PROPOSAL


Thiruvananthapuram, 17 സെപ്റ്റംബര് (H.S.)

തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ മൃഗശാല നഗരഹൃദയത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പൂർണ്ണമായി പിന്തുണച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. നഗരത്തിലെ അമിത ചൂടും ഇപ്പോഴത്തെ ചുറ്റുപാടുകളും വിവിധയിനം മൃഗങ്ങളുടെ ആരോഗ്യകരമായ സംരക്ഷണത്തിനും പരിപാലനത്തിനും അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേയറുടെ പ്രതികരണം. വിഷയം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി മുന്നോട്ടുവെച്ച ആശയം സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം മൃഗങ്ങള്ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. താപനില വര്ധനവ് കാരണം മൃഗശാലയിലെ നിരവധി മൃഗങ്ങള് ചത്ത് പോകുന്നുണ്ട്. മൃഗശാലയില് ഉണ്ടായിരുന്ന പല ജീവികളെയും ഇപ്പോള് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാകുന്നത് കൊണ്ട് തന്നെ പലയിടങ്ങളില് നിന്നുള്ള ജീവികളെ ഇവിടെ എത്തിക്കാനാകുന്നില്ല. വലിയ പ്രതീക്ഷയോടെ മൃഗശാലയില് എത്തുന്ന പലരും വളരെ നിരാശയോടെ മടങ്ങുന്ന സാഹചര്യവുമുണ്ടെന്ന് രാജേഷ് ചൂണ്ടിക്കാട്ടി.

നഗരത്തിലെ വായു മലിനീകരണവും അമിത ചൂടും അപൂർവ്വ ഇനങ്ങളെ പരിപാലിക്കുന്നതിൽ മൃഗശാലയ്ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. അതിനാൽ വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ഉൾപ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്ന് രാജേഷ് നിർദ്ദേശിച്ചു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ആവാസവ്യവസ്ഥാ ഘടനയ്ക്കും അനുയോജ്യമായ രീതിയിൽ സംസ്ഥാനത്തിന്റെ ഉൾപ്രദേശത്ത് ഒരു കേന്ദ്രം സജ്ജീകരിക്കാൻ കഴിഞ്ഞാൽ കൂടുതൽ അപൂർവ്വ ഇനങ്ങളെ കൊണ്ടുവരാനും സംരക്ഷിക്കാനും നമുക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല് അത്തരത്തിലൊരു സ്ഥലം എവിടെയൊരുക്കണമെന്നത് സര്ക്കാര് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എതിര്പ്പ് പ്രകടിപ്പിച്ച് സിപിഎം

അതേസമയം മുഖ്യമന്ത്രിയുടെ നിര്ദേശത്തെ എതിര്ക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കള്. മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റാനുള്ള നിർദ്ദേശത്തിന് പിന്നിൽ വാണിജ്യപരമായ താത്പര്യങ്ങളുണ്ടെന്ന് സിപിഎം നേതാവ് വികെ പ്രശാന്ത് പറഞ്ഞു. ഇത്തരം നീക്കങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗശാല സ്ഥാപിച്ച സമയത്ത് ഇവിടുത്തെ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല് ഇപ്പോള് നഗരം കൂടുതല് അന്താരാഷ്ട്ര ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഏറ്റവും പ്രശസ്തമായ മൃഗശാലയെ ഇവിടെ നിന്നും മാറ്റാന് ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നിൽ വാണിജ്യപരമായ താത്പര്യമാണെന്ന് ആരോപിച്ച പ്രശാന്ത് നഗരത്തിന് ശുദ്ധവായു നൽകുന്ന പ്രധാന ഉറവിടങ്ങളിലൊന്നാണ് മൃഗശാലയെന്നും നിരവധി പേർ ഇതിനെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും പറഞ്ഞു. ഈ പ്രദേശം ഏതെങ്കിലും കോർപ്പറേറ്റുകൾക്കോ വ്യവസായികൾക്കോ കൈമാറാനാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മൃഗശാല നമ്മുടെ അഭിമാനമാണ്. ഈ പ്രദേശത്തെ 'മാഡിസൺ സ്ക്വയർ'പോലെയാക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ, തിരുവനന്തപുരം മ്യൂസിയം-മൃഗശാലാ പ്രദേശം അതിനേക്കാൾ എത്രയോ മികച്ചതാണെന്നാണ് എനിക്ക് പറയാനുള്ളത്. നഗരത്തെ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ നിർദ്ദേശമെന്നും പ്രശാന്ത് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിഡീ സതീശന് തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചത്. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും ഇത് വനമേഖലയിലേക്ക് മാറ്റണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയോട് ചേർന്ന് പാർപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരമൊരു സ്ഥലത്ത് അവയെ താമസിപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ പഴക്കമേറിയ മൃഗശാലകളിലൊന്നാണ് തിരുവനന്തപുരത്തേത്. ഇത് വനമേഖലയിലേക്ക് മാറ്റണം. നിലവിലുള്ള മൃഗശാലാ സ്ഥലം അമേരിക്കയിലെ മാഡിസൺ സ്ക്വയർ പോലെ മനോഹരമായ ഒരു പൊതുസ്ഥലമാക്കി മാറ്റണമെന്നുമാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

മൃഗശാലയിലെത്തുന്നത് 14 ലക്ഷം സന്ദര്ശകര്

30 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന തിരുവനന്തപുരം മൃഗശാല രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ മൃഗശാലകളിലൊന്നാണ്. തിരുവിതാംകൂർ രാജകുടുംബം 1859ൽ മ്യൂസിയത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഈ മൃഗശാലയിലേക്ക് പ്രതിവർഷം ഏകദേശം 14 ലക്ഷം സന്ദർശകരാണ് എത്തുന്നത്. 98 ഇനങ്ങളിലായി 1,025 മൃഗങ്ങൾ ഇവിടെയുണ്ട്.

കൂടാതെ ദേശാടന പക്ഷികളടക്കം 93 ഇനം പക്ഷികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ അനുയോജ്യമായ പ്രകൃതിദത്ത തടാകവും വനസമാനമായ ഭൂപ്രകൃതിയും ഇവിടെയുണ്ട്. വിവിധയിനം ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ, വണ്ടുകൾ, ചിലന്തികൾ എന്നിവയ്ക്കും ഇവിടെ ആവാസവ്യവസ്ഥയൊരുങ്ങുന്നുണ്ട്. ഒപ്പം നൂറിലധികം ഇനം സസ്യങ്ങൾ ഇവിടുത്തെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News