Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ സർക്കാർ പ്രഖ്യാപിച്ച സാംസ്കാരിക പാർക്ക് കേവലം ഒരു സ്മാരകമായി ഒതുക്കാതെ, ലോകോത്തര നിലവാരമുള്ള എക്സ്പീരിയൻസ് സെന്ററായി വികസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സാഹിത്യം, സിനിമ, കല, പൈതൃകം, ആധുനിക സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ചുകൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
എം.ടിയുടെ സർഗ്ഗലോകത്തെയും അദ്ദേഹത്തിന്റെ സാഹിത്യ-സിനിമാ സംഭാവനകളെയും പുതിയ തലമുറയ്ക്ക് മുന്നിൽ മനോഹരമായി ആവിഷ്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്ക് എം.ടിയുടെ കൃതികളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കാനുള്ള മികച്ച അനുഭവമൊരുക്കാൻ യോഗത്തിൽ ധാരണയായി.
2026-27 വർഷത്തെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ച ഈ പാർക്ക്, എഴുത്തുകാരന്റെ സാഹിത്യരചനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ സർഗാത്മക ലോകം സന്ദർശകർക്ക് അനുഭവിച്ചറിയാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്. പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികൾ, 'ജെൻ-സി' വിഭാഗത്തിലുള്ളവര് നിർമ്മിക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാനുള്ള സൗകര്യങ്ങൾ, സമകാലിക നൃത്ത-സംഗീത വേദികൾ, സിനിമാ തിയേറ്ററുകൾ, ലൈബ്രറി, കലാപ്രദർശന ഹാൾ, ഗാലറി എന്നിവ നിർദ്ദിഷ്ട സൗകര്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ചരിത്രം, സാഹിത്യം, ഭാഷ, ശബ്ദം എന്നിവയ്ക്കായുള്ള പ്രത്യേക മ്യൂസിയങ്ങളും കുട്ടികൾക്കും സന്ദർശകർക്കുമായുള്ള പ്രത്യേക ഇടങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. പാര്ക്ക് സന്ദർശനത്തെ കേവലമൊരു കാഴ്ച എന്നതിൽ നിന്ന് അനുഭവമാക്കി മാറ്റുന്നതിനായി വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും നിർദേശമുണ്ടായി.
ഈജിപ്തിലെ മ്യൂസിയങ്ങളിലേതുപോലെ രൂപകൽപ്പന ചെയ്ത പീഠങ്ങളും സന്ദർശകർക്ക് സഞ്ചരിക്കാൻ സൗകര്യപ്രദമായ പാതകളും ഒരുക്കണമെന്ന നിർദേശങ്ങളും യോഗത്തില് മുന്നോട്ടുവച്ചു. ദശാബ്ദങ്ങളോളം പ്രസക്തിയും പുതുമയും നിലനിർത്തുന്ന രീതിയിൽ പാർക്ക് രൂപകൽപ്പന ചെയ്യണമെന്നും വിവിധ കലാരൂപങ്ങളെ ഉൾക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇതിനെ വികസിപ്പിക്കണമെന്നും ചര്ച്ചയില് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള എഴുത്തുകാരുമായും കലാകാരന്മാരുമായും സഹകരിച്ച് എംടിയെ ആദരിക്കുന്നതിനുള്ള ഒരു വേദിയായി പാർക്കിനെ മാറ്റാനും നിർദേശമുണ്ടായി.
വർഷം മുഴുവനും പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷിക പരിപാടി, അന്താരാഷ്ട്ര എഴുത്തുകാർക്കുള്ള റെസിഡൻസികളും ഫെലോഷിപ്പുകളും കലാകാരന്മാർക്കുള്ള റെസിഡൻസികൾ, തിരക്കഥാ രചനാ ശിൽപ്പശാലകൾ, ഡിജിറ്റൽ ആർക്കൈവ്, ചലച്ചിത്രോത്സവങ്ങൾ എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. കോഴിക്കോട് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ പാർക്ക്, എംടി വാസുദേവൻ നായരുടെ സർഗാത്മക പൈതൃകവും കേരളത്തിന്റെ സാംസ്കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം യുവതലമുറയുടെ താത്പര്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു വേദിയായി വികസിപ്പിക്കുമെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.
വാസ്തു ശില്പികൾക്കായി അന്താരാഷ്ട്ര ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം 2026-27 വർഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 16 മുതൽ 18 വരെ യോഗങ്ങള് നടക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR