Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 സെപ്റ്റംബര് (H.S.)
കേരള പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിന് (POL- APP) പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. പോലീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനമാണ് പോൽ-ആപ്പ്.
2020 ജൂണിലാണ് പോൽ-ആപ്പ് നിലവിൽ വന്നത്. സാധാരണക്കാർക്ക് പോലീസിൽ നിന്നും ലഭ്യമാകേണ്ട വിവിധ സേവനങ്ങൾ വളരെ കുറഞ്ഞസമയത്തിനുള്ളിൽ തന്നെ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോൺ നമ്പർ, ഇമെയിൽ വിലാസം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,എഫ്.ഐ.ആർ. റിപ്പോർട്ട് എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അപേക്ഷ, നഷ്ടപ്പെട്ട വസ്തുക്കൾ ( ഫോൺ, സിം കാർഡ്, രേഖകൾ എന്നിവ) നഷ്ടപ്പെട്ടാൽ പരാതിപ്പെടാനുള്ള സംവിധാനം, ട്രാഫിക് ലംഘനം, അക്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ പൊലീസിനെ അറിയിക്കാനുള്ള സംവിധാനം, പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സേവനമായാ എസ്.ഒ.എസ് (SOS) പേനിക്ക് മെസ്സേജ്, അടിയന്തര ഘട്ടങ്ങളിൽ ആപ്പിൾ കാണപ്പെടുന്ന എസ്.ഒ.എസ് ബട്ടൺ അമർത്തിയാൽ ഇ.ആർ.എസ്.എസ് സംവിധാനം വഴി 10 മിനിറ്റിനകം പൊലീസ് സഹായം ലഭ്യമാകും (24x7x365 സേവനം), വീട് പൂട്ടി യാത്ര പോകുമ്പോൾ ബീറ്റ് ഓഫീസർമാരുടെ നിരീക്ഷണം ഉറപ്പാക്കാൻ പൊലീസിനെ വിവരമറിയിക്കാനുള്ള ലോക്കഡ് ഹൗസ് ഇൻഫർമേഷൻ സേവനം, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ജി.ഡി കോപ്പി, പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക്ക് അടയ്ക്കുന്നതിനുള്ള സൗകര്യം, മുതിർന്ന പൗരډാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾ, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കുമായുള്ള ട്രാക്ക് മൈ ട്രിപ്പ്, ട്രെയിൻ യാത്രക്കാർക്കും രക്തദാതാക്കൾക്കും ഉപകാരപ്പെടുന്ന വിവരങ്ങൾ, ഇൻറർനെറ്റ് ടിപ്സ്, ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയ 35ഓളം സേവനങ്ങളാണ് ഈ ആപ്പിലൂടെ ലഭ്യമാകുന്നത്.
സാധാരണക്കാർക്കും ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പോൽ-ആപ്പ് ഡൗൺ ലോഡ് ചെയ്യാം. ഇതിനോടകം 17 ലക്ഷത്തോളം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.4/5 റേറ്റിംഗും ആപ്പിൾ ആപ്പ് സ്റ്റോറിൽ 4.0/5 റേറ്റിംഗും നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളിൽ ഒന്നായി കേരള പോലീസിൻറെ ഈ പോൽ-ആപ്പ്(പോൽ-APP) മാറിയിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR