നെഞ്ചിൽ കത്രിക തുളച്ചുകയറി ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തി; കോഴിക്കോട് മെഡിക്കൽ കോളജിൽ അപൂർവ്വ ശസ്ത്രക്രിയ
Kozhikode , 17 സെപ്റ്റംബര് (H.S.) നെഞ്ചിൽ ആഴത്തിൽ കത്രിക തുളച്ചുകയറി മരണം മുന്നിൽ കണ്ട രോഗിയെ അടിയന്തര ശാസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് സർജറി വിഭാഗം. ആക്രമണത്തിലോ അപകടത്തിലോ ഗുരുതരമായി പരിക്കേറ്റ രോ
Kozhikode medical college


Kozhikode , 17 സെപ്റ്റംബര് (H.S.)

നെഞ്ചിൽ ആഴത്തിൽ കത്രിക തുളച്ചുകയറി മരണം മുന്നിൽ കണ്ട രോഗിയെ അടിയന്തര ശാസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് സർജറി വിഭാഗം.

ആക്രമണത്തിലോ അപകടത്തിലോ ഗുരുതരമായി പരിക്കേറ്റ രോഗിയുടെ കരളിനും ആമാശയത്തിനും കത്രിക തുളച്ചുകയറി ആഴത്തിൽ ക്ഷതമേറ്റിരുന്നു.

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് നെഞ്ചിൽ തറച്ചിരുന്ന കത്രിക പുറത്തെടുത്തത്.

തുടർന്ന് രക്തസ്രാവം തടയുകയും കരളിനും ആമാശയത്തിനുമേറ്റ ഗുരുതര മുറിവുകൾ തുന്നിച്ചേർക്കുകയും ചെയ്തു. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കൃത്യസമയത്തെ ഇടപെടലും ഏകോപനവുമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നു. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിന്റെ ഈ നേട്ടം ആരോഗ്യ മേഖലയിൽ വലിയ പ്രശംസ നേടുകയാണ്.

നെഞ്ചിലെ വലതുഭാഗത്തെ അഞ്ചാമത്തെ വാരിയെല്ലിന്റെ ഇടയിലൂടെയാണ് 3 × 3 സെന്റി മീറ്റർ വലിപ്പത്തിൽ കത്രിക തുളച്ച് കയറിയത്. കത്രിക വയറിനുള്ളിലേക്ക് ആഴ്ന്നിറങ്ങി കരളിന്റെ മൂന്നാം സെഗ്മെന്റിൽ (Segment III) 2 × 1 × 3 cm അളവിൽ മുറിവേൽപ്പിക്കുകയും ആമാശയത്തിന്റെ മുൻഭാഗത്ത് 1 × 0.5 cm വലിപ്പത്തിൽ ദ്വാരം ഉണ്ടാക്കുകയും ചെയ്തതായി കണ്ടെത്തി.

ഡോ. ശ്രീജയൻ, ഡോ. രാജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സർജറി സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഡോ. അബ്ദുൾ ബാസിത്, ഡോ. അലക, ഡോ. സോനു, ഡോ. കീർത്തി എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.

ശരീരത്തിൽ തറഞ്ഞിരുന്ന കത്രിക സുരക്ഷിതമായി പുറത്തെടുക്കുകയും കരളിനും ആമാശയത്തിനുമേറ്റ മുറിവുകൾ തുന്നിക്കെട്ടി ആന്തരിക രക്തസ്രാവം പൂർണ്ണമായും തടയുകയും ചെയ്തു. കത്രികയുടെ സഞ്ചാരപഥവും ഒന്നിലധികം അവയവങ്ങൾക്കുണ്ടായ പരിക്കും കണക്കിലെടുക്കുമ്പോൾ ഇത് അത്യപൂർവ്വമായ ഒരു കേസായിരുന്നുവെന്നും മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് രോഗിയുടെ ജീവൻ രക്ഷിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അപകടം നടന്ന ഉടനെ തന്നെ രോഗിയെ ആശുപത്രിയിലെത്തിച്ചതും അടിയന്തര ചികിത്സ നല്കാനായതും രോഗിയുടെ ജീവന് രക്ഷിക്കാന് സഹായകമായെന്നും ഡോക്ടര്മാര് കൂട്ടിച്ചേര്ത്തു. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയ വൈദ്യസംഘത്തിന് ബന്ധുക്കള് നന്ദി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News