1950 രൂപയ്ക്ക് മുകളിൽ യുപിഐ വഴി പണം നൽകരുത്: കടയിലെ വ്യത്യസ്ത ബോർഡ് ശ്രദ്ധനേടുന്നു
Kozhikode , 17 സെപ്റ്റംബര് (H.S.) ഡിജിറ്റൽ പണമിടപാടുകൾ സാർവത്രികമായ കാലത്ത് മാവൂരിലെ ഒരു കടയിൽ സ്ഥാപിച്ചിരിക്കുന്ന വ്യത്യസ്തമായ ബോർഡ് ശ്രദ്ധനേടുന്നു. മാവൂരിലെ ''ജാസ് സ്പെയർപാർട്സ്'' കടയിലെ ഡിജിറ്റൽ പേയ്മെന്റ് സ്കാനറിന് താഴെയാണ് 1950 രൂപയ്ക്ക് മു
KERALA VYAPARI VYAVASAYI


Kozhikode , 17 സെപ്റ്റംബര് (H.S.)

ഡിജിറ്റൽ പണമിടപാടുകൾ സാർവത്രികമായ കാലത്ത് മാവൂരിലെ ഒരു കടയിൽ സ്ഥാപിച്ചിരിക്കുന്ന വ്യത്യസ്തമായ ബോർഡ് ശ്രദ്ധനേടുന്നു. മാവൂരിലെ 'ജാസ് സ്പെയർപാർട്സ്' കടയിലെ ഡിജിറ്റൽ പേയ്മെന്റ് സ്കാനറിന് താഴെയാണ് 1950 രൂപയ്ക്ക് മുകളിൽ യുപിഐ പേയ്മെന്റ് ചെയ്യരുത്, ദയവായി സഹകരിക്കുക എന്ന് കടയുടമ ബോർഡ് പതിപ്പിച്ചിരിക്കുന്നത്.

ക്യുആർ കോഡ് ഉപയോഗിച്ച് പണമടയ്ക്കാൻ എത്തുന്ന ഉപഭോക്താക്കൾ ഈ വേറിട്ട നിർദേശം കണ്ട് ആശ്ചര്യപ്പെടാറുണ്ട്. എന്നാൽ ഇതേക്കുറിച്ച് കടയുടമ ഇംതിയാസിനോട് തിരക്കുമ്പോൾ, സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചെറിയ തുകകളുടെ ഇടപാടുകൾക്ക് യുപിഐ സൗകര്യപ്രദമാണെങ്കിലും, വലിയ തുകകളുടെ യുപിഐ പേയ്മെന്റുകൾ നിരന്തരം നടത്തുമ്പോൾ ബാങ്ക് നിരക്കുകളിലും നികുതി കണക്കുകളിലും വരാൻ സാധ്യതയുള്ള സങ്കീർണ്ണതകളും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാനാണ് താൻ ഇത്തരമൊരു ബോർഡ് വച്ചതെന്നാണ് ഇംതിയാസിന്റെ വിശദീകരണം.

വർക്ക് ഷോപ്പ് സ്പെയർ പാർട്സ് വിൽക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് സാധനങ്ങളുടെ വില 2000 അല്ലെങ്കിൽ 3000 രൂപയിലാണ് തുടങ്ങുന്നത്. ഇതിൽ നിന്നും തുക പിടിച്ചാൽ വെറുതെ കച്ചവടം നടത്തുന്ന അവസ്ഥയാകും,. യുപിഐ വഴി 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാന് തീരുമാനിച്ചതോടെയാണ് വ്യാപാരികളിൽ വലിയ ആശയക്കുഴപ്പവും പ്രതിഷേധവും രൂപപ്പെട്ടു തുടങ്ങിയത്.

ഏറെയകലെയല്ലാതെ മസാലക്കട നടത്തുന്ന ഹക്കീമും പങ്കു വെക്കുന്നത് ഇതേ ആശങ്കയാണ്. 'ചില്ലറ പണമിടപാടുകൾ പൂർണമായും നിലച്ച സാഹചര്യത്തിൽ ഈ തീരുമാനം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും,'' ഹക്കീം പറഞ്ഞു. കോഴിക്കോട്ടെ മാത്രം ആശങ്കയല്ലിത്... രാജ്യത്താകെ വ്യാപാരികളിൽ കടുത്ത ആശങ്കയാണുള്ളത്. 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് അധിക നികുതി ഈടാക്കുമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെ ഡിജിറ്റൽ ഇടപാടുകൾ മാത്രം നടക്കുന്ന ഇന്നത്തെ അവസ്ഥയിൽ പുതിയ നിയന്ത്രണങ്ങൾ തങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമെന്ന് ചെറുകിട വ്യാപാരികൾ ഭയക്കുന്നു.

യുപിഐ ഒഴിവാക്കാന് നിര്ബന്ധിതരാകേണ്ട അവസ്ഥയിലാണ് നിലവിൽ ചെറുകിട വ്യാപാരികള്. ഇപ്പോള് തന്നെ പലയിടത്തും യുപിഐ പേയ്മെൻ്റ് വേണ്ട എന്ന തരത്തിൽ ബോർഡുകള് വന്നുകഴിഞ്ഞു. എംഡിആര് (മെര്ച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കാന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചതോടെ വ്യാപാരികള് യുപിഐ ഒഴിവാക്കാന് നിര്ബന്ധിതരാകുമോ എന്നാണ് ആശങ്ക. നഷ്ടം കുറയ്ക്കാന് പണമിടപാടിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്ന് പല വ്യാപാരികളും പറയുന്നു.

തെരുവ് കച്ചവടക്കാർ മുതൽ വൻകിട വ്യവസായികൾ വരെ ഡിജിറ്റൽ പണമിടപാടുകളെ പൂർണമായി ആശ്രയിക്കുന്ന കാലമാണിത്. നോട്ട് നിരോധനത്തിന് ശേഷം പൂര്ണ്ണമായും ക്യു ആർ കോഡുകളിലേക്കും ഡിജിറ്റല് പണമിടപാടുകളിലേക്കും മാറിയ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് പുതിയ തീരുമാനം സംബന്ധിച്ച പ്രഖ്യാപനം വന്നത്.

കാര്യമറിയാതെ എത്തുന്ന ഉപഭോക്താക്കളെ വിവരമറിയിക്കാനും ഡിജിറ്റൽ ഇടപാടുകളിലെ ആശങ്ക പങ്കുവെക്കാനും കടകളിലെ ഗൂഗിൾ പേ സ്കാനറുകൾക്ക് മുകളിൽ താത്കാലിക നോട്ടീസുകൾ പതിച്ചിരിക്കുകയാണ് വ്യാപാരികൾ. വലിയ തുകയുടെ ഇടപാടുകൾ നടക്കുന്ന വർക്ക്ഷോപ്പുകൾ, മസാലക്കടകൾ, ഹാർഡ്വെയറുകൾ, ബേക്കറികൾ എന്നിവയിലാണ് ഇത്തരം നോട്ടീസുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വിലക്കയറ്റത്തിനും പ്രക്ഷോഭത്തിനും വഴിവെക്കും

നാഷണൽ പെയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും (NPCI) കേന്ദ്ര നയങ്ങളുടെയും ഭാഗമായി വ്യാപാരികൾക്ക് മേൽ കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുകയാണെന്ന് വ്യാപാരി സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

വ്യാപാരി ഒരു നിശ്ചിത ലാഭം നോക്കിയാണ് സാധനങ്ങൾ വിൽക്കുന്നത് അതിനുമേൽ സർക്കാരും വിഹിതം ചോദിച്ചാൽ വ്യാപാരി കടുത്ത സമ്മർദ്ദത്തിലാകും. ഇത് മറികടക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരികയും വിപണിയിൽ കടുത്ത വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും, വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി നാസർ മാവൂരാൻ പറഞ്ഞു.

2016-ൽ നോട്ട് നിരോധന സമയത്ത് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് (MDR) കൂട്ടില്ലെന്ന് ഉറപ്പുനൽകിയ സർക്കാർ ഇപ്പോൾ പടിപടിയായി ബാധ്യതകൾ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2500 രൂപയുടെ ഇടപാടിൽ പോകുന്ന 10 രൂപ ബാങ്കുകൾക്കും ആപ്പുകൾക്കുമായി വീതംവെച്ച് ആ മേഖലയെ സുരക്ഷിതമാക്കുമ്പോൾ, രാജ്യത്തെ 75 ശതമാനത്തിലധികം പണം കൈകാര്യം ചെയ്യുന്ന വ്യാപാരി സമൂഹത്തെ സർക്കാർ പൂർണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ പെയ്മെൻ്റുകളിൽ പുതിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചാൽ വരും നാളുകളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം. പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെൻ്റ് സേവനദാതാവോ ഈടാക്കുന്നതാണ് മെർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). എംഡിആർ നടപ്പായാൽ അതിൻ്റെയൊരു പങ്ക് ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെൻ്റ് സേവനദാതാവിനും ലഭിക്കും. വ്യാപാരി ഈ ബാധ്യത ഉപയോക്താവിലേക്ക് കൈമാറിയാൽ സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടിന് ചെലവേറാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News