Enter your Email Address to subscribe to our newsletters

Kasaragod , 17 സെപ്റ്റംബര് (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കാസർകോട് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനുമായി ഉദയാസ്തമന പൂജയും മഹാഗണപതി ഹോമവുമാണ് ക്ഷേത്രത്തിൽ നടന്നത്.
ഭരണതലത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്, ബിജെപി ആഹ്വാനം ചെയ്ത ഒരു മാസം നീളുന്ന 'സേവാ സങ്കൽപ് അഭിയാൻ' പരിപാടികൾക്ക് ഇതോടെ ജില്ലയിൽ തുടക്കമായി. പാർട്ടി നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ബിജെപി കാസർകോട് ജില്ല പ്രസിഡൻ്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിലായിരുന്നു രാവിലെ ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്. മധൂർ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ വഴിപാടുകളിലൊന്നാണ് ഉദയാസ്തമന പൂജ. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും പ്രാർഥനകളുമാണ് ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടക്കുന്നത്.
ഭരണത്തിൽ കാൽ നൂറ്റാണ്ട്
2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭരണച്ചുമതലയേറ്റ നരേന്ദ്ര മോദി പിന്നീട് രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു. കാൽ നൂറ്റാണ്ടായി രാജ്യത്തെ സേവിക്കുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തിയതായി എം എൽ അശ്വിനി വ്യക്തമാക്കി. ഭരണത്തിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഒരു മാസം നീളുന്ന സേവാ സങ്കൽപ് അഭിയാൻ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബൂത്ത്, വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ആശിർവാദ് കാ ദിയ എന്ന പേരിൽ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് പരിപാടികൾക്ക് തുടക്കം കുറിക്കും. ഒക്ടോബർ പതിനേഴ് വരെ പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ തുടരും. അവസാന ദിവസം സേവാ ജ്യോതി യാത്ര എന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് സമാപനം കുറിക്കുക. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ വികസിത് ഭാരത് 2047 മികച്ച രീതിയിൽ മുന്നോട്ട് പോകാൻ പ്രാർഥിച്ചുവെന്നും മോദി തന്നെ ഇനിയും രാജ്യത്തെ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജില്ല പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
ആഘോഷങ്ങളില്ല, പകരം സേവനംപതിവുപോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ലാതെ രാജ്യമെങ്ങും സേവന പ്രവർത്തനങ്ങൾ നടത്തിയാണ് ബിജെപി പ്രധാനമന്ത്രിയുടെ ജന്മദിനം ആചരിക്കുന്നത്. പിറന്നാളിന് കേക്ക് മുറിക്കുകയോ സദ്യയൊരുക്കുകയോ ചെയ്യുന്ന പതിവ് നരേന്ദ്ര മോദിക്കില്ല. അമ്മയുടെ മരണം വരെ സ്ഥിരമായി ഈ ദിവസം അവരെ സന്ദർശിക്കുമായിരുന്ന അദ്ദേഹം ഇപ്പോൾ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലുമാണ് പങ്കെടുക്കുന്നത്. നേതാവിൻ്റെ ജന്മദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനാണ് ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം.
രക്തദാനം, ആരോഗ്യ ക്യാമ്പുകൾ, സാമൂഹിക സേവനം, ശുചീകരണം തുടങ്ങിയ പതിവ് പരിപാടികൾക്ക് പുറമെ പുതിയ തലമുറയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പദ്ധതികളും ബിജെപി ആവിഷ്കരിച്ചിട്ടുണ്ട്. യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യാത്രകൾ, സംവാദ പരിപാടികൾ, ക്വിസ് മത്സരങ്ങൾ, ശിൽപശാലകൾ എന്നിവയും ഒരു മാസം നീളുന്ന സേവന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR