സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം: എറണാകുളം പിറവത്ത് യുവാവിനെ പെട്രോളൊഴിച്ച് തീക്കൊളുത്തി; രണ്ടുപേർ കസ്റ്റഡിയിൽ
Ernakulam , 17 സെപ്റ്റംബര് (H.S.) പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കക്കാട് സ്വദേശിയായ അരുൺ പ്രകാശിന് (31) ഗുരുതരമായി പൊള്ളലേറ്റു. അക്രമത്തിന് ഇരയായ അരുൺ
PIRAVOM POLICE INVESTIGATION


Ernakulam , 17 സെപ്റ്റംബര് (H.S.)

പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കക്കാട് സ്വദേശിയായ അരുൺ പ്രകാശിന് (31) ഗുരുതരമായി പൊള്ളലേറ്റു. അക്രമത്തിന് ഇരയായ അരുൺ പ്രകാശ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു (31), ചന്ദ്രൻ എന്നിവരെ പിറവം പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രകോപനമായത് ഫോൺവിളിദീർഘകാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന അരുണും ജിഷ്ണുവും തമ്മിൽ കഴിഞ്ഞ ദിവസം ഫോണിലൂടെ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ബുധനാഴ്ച അരുൺ, ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സമയം ഫോൺ എടുത്തത് ജിഷ്ണുവിൻ്റെ അമ്മയായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ അരുൺ ജിഷ്ണുവിൻ്റെ അമ്മയോട് തികച്ചും മോശമായ രീതിയിൽ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ രൂക്ഷമായ വാക്കുതർക്കമുണ്ടായി. വിദേശത്ത് ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്.

അർധരാത്രിയിലെ ആക്രമണംതുടർന്ന് അർധരാത്രിയോടെ മറ്റ് രണ്ട് സുഹൃത്തുക്കളെയും കൂട്ടി ജിഷ്ണു, അരുൺ ഉണ്ടായിരുന്ന പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി മൈതാനത്തിന് സമീപം എത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവിടെ വച്ച് വീണ്ടും തർക്കം രൂക്ഷമാകുകയും കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കപ്പിലെ പെട്രോൾ അരുണിൻ്റെ ശരീരത്തിലേക്ക് ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീക്കൊളുത്തുകയുമായിരുന്നു. അരുണിനെ കൊലപ്പെടുത്താൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ജിഷ്ണുവിനെ പ്രേരിപ്പിച്ചതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്. പെട്ടെന്ന് തീ ആളിപ്പടർന്നതിനെ തുടർന്ന് ജിഷ്ണുവിനും പൊള്ളലേറ്റു.

അർധരാത്രിയിൽ പ്രദേശത്ത് വലിയ ബഹളവും നിലവിളിയും കേട്ടെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ് കിടന്ന അരുണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ അരുണിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

അരുണിൻ്റെ ശരീരത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയ ജിഷ്ണുവിനും സംഭവത്തിനിടെ നേരിയ പൊള്ളലേറ്റിട്ടുണ്ട്.

പൊലീസ് അന്വേഷണം ഊർജിതംസംഭവത്തിൽ പിറവം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിഷ്ണുവിനൊപ്പം കൃത്യത്തിൽ പങ്കാളികളായ മറ്റ് രണ്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ ചന്ദ്രൻ എന്നയാളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്ധരും വിശദമായ പരിശോധന നടത്തി നിർണായക തെളിവുകൾ ശേഖരിച്ചു. അമ്മയോട് മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊലീസ് നിഗമനമെങ്കിലും, സംഭവത്തിൽ മറ്റ് സാമ്പത്തിക തർക്കങ്ങളോ വ്യക്തിവൈരാഗ്യങ്ങളോ നിലനിൽക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News