മെസ്സി സന്ദർശന തട്ടിപ്പ് കേസ്: മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും; പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ
Kochi, 17 സെപ്റ്റംബര് (H.S.) കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)
മെസ്സി സന്ദർശന തട്ടിപ്പ് കേസ്: മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും; പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ


Kochi, 17 സെപ്റ്റംബര് (H.S.)

കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉടൻ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ആസ്ഥാനത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത നിർണായക രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും മുൻ മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക.

കേസുമായി ബന്ധപ്പെട്ട് കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ ഇരുപത് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ പിടിച്ചെടുത്ത മുഴുവൻ രേഖകളും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാർഡുകൾ എന്നിവ വിദഗ്ദ്ധ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി തേടി അന്വേഷണ സംഘം ഇന്ന് തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും കരാറുകളുമാണ് ചാനൽ ഓഫീസിൽ നിന്ന് എസ്ഐടിക്ക് ലഭിച്ചത്. വിദേശ കറൻസിയായ 6300 അമേരിക്കൻ ഡോളറും പരിശോധനയ്ക്കിടെ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകളിലെ ഒപ്പുകളും വിനിമയങ്ങളും ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസറെ നിശ്ചയിച്ചതിലും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയതിലും മുൻ കായിക മന്ത്രിയുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചത്. സ്പോൺസർ തെരഞ്ഞെടുപ്പിൽ സർക്കാർ ചട്ടങ്ങൾ പാലിക്കാതെ വലിയ തോതിലുള്ള അഴിമതിയും കള്ളക്കളിയും നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് മുൻ മന്ത്രിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത്.

അതേസമയം, കോടികളുടെ സാമ്പത്തിക ഇടപാടുകളും വിദേശ ഫണ്ട് കൈമാറ്റവും ഉൾപ്പെട്ടിട്ടുള്ളതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് പണം അയച്ചതിൽ ബാങ്കിങ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നതിലാണ് നിലവിൽ ഫെമ നിയമപ്രകാരം ഇഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

---------------

Hindusthan Samachar / Roshith K


Latest News