Enter your Email Address to subscribe to our newsletters

Mumbai, 17 സെപ്റ്റംബര്‍ (H.S.)
ടാറ്റാ സണ്‍സിന്റെ തലപ്പത്ത് എന് ചന്ദ്രശേഖരന് അഞ്ച് വര്‍ഷത്തേക്ക് കൂടി ബോര്‍ഡ് വീണ്ടും നിയമനം നല്‍കി. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അടുത്ത ഘട്ടത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ മാസം ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നെങ്കിലും ബോര്‍ഡ് ഈ തീരുമാനം തിരുത്തുകയായിരുന്നു. നിലവിലുള്ള അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2027 ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്ന രജിസ്‌ട്രേഷന്‍ ഒഴിവാക്കാനുള്ള ടാറ്റാ സണ്‍സിന്റെ അപേക്ഷ സെപ്റ്റംബര്‍ 11-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. 2022 സെപ്റ്റംബറിലാണ് ടാറ്റാ സണ്‍സിനെ ആര്‍ബിഐ 'അപ്പര്‍ ലെയര്‍' എന്‍ബിഎഫ്‌സിയായി തരംതിരിച്ചത്. ഈ വിഭാഗത്തില്‍പ്പെടുന്ന കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ നോണ്‍-ബാങ്കിങ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ അപേക്ഷ നല്‍കിയതിനാല്‍ 2025 സെപ്റ്റംബറിലെ സമയപരിധി കഴിഞ്ഞിട്ടും കമ്പനി ലിസ്റ്റ് ചെയ്തിരുന്നില്ല. ചന്ദ്രശേഖരന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് മാറ്റം വേണമെന്ന നിലപാടിലായിരുന്നു ടാറ്റാ ട്രസ്റ്റ്. 2027 ഫെബ്രുവരിയില്‍ കാലാവധി തീരുന്ന ചന്ദ്രശേഖരന് പകരം പുതിയൊരാളെ കണ്ടെത്താനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കണമെന്ന് ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ ആവശ്യപ്പെട്ടിരുന്നു. താന്‍ സ്ഥാനമൊഴിയുമെന്ന ചന്ദ്രശേഖരന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു നോയല്‍ ടാറ്റയുടെ അഭിപ്രായം.
പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ സെലക്ഷന്‍ പാനല്‍ രൂപീകരിക്കണമെന്ന് സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചന്ദ്രശേഖരന് അഞ്ച് വര്‍ഷത്തെ കാലാവധി നീട്ടി നല്‍കണമെന്ന് ടാറ്റാ ട്രസ്റ്റ് ഐക്യകണ്‌ഠേന നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ നാല് ഡയറക്ടര്‍മാര്‍ നീട്ടിനല്‍കലിനെ പിന്തുണച്ചപ്പോള്‍ നോയല്‍ ടാറ്റ അതിനെ എതിര്‍ത്തു. ഡയറക്ടര്‍ ബോര്‍ഡില്‍ പൂര്‍ണ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും തുടരുന്നില്ലെന്ന് ചന്ദ്രശേഖരന്‍ മുന്‍പ് ബോര്‍ഡിനെ അറിയിച്ചത്.
ടാറ്റാ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റിന്റെ ചെയര്‍മാനായ നോയല്‍ ടാറ്റ, വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലും ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നിരുന്നാലും ഭൂരിപക്ഷം ബോര്‍ഡ് അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാവുകയായിരുന്നു. ടാറ്റാ സണ്‍സിന്റെ 18 ശതമാനം ഓഹരികള്‍ കൈവശമുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെ അനുകൂലിക്കുന്നുണ്ട്. പ്രമേയം പാസായതോടെ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് ആരംഭിച്ച പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും.
---------------
Hindusthan Samachar / Sreejith S