Enter your Email Address to subscribe to our newsletters

Wayanad , 17 സെപ്റ്റംബര് (H.S.)
കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ ഇപ്പോൾ പ്രധാന താരം ഒരു ആടാണ്! പകൽ സമയം മുഴുവൻ സ്നേഹത്തോടെ തീറ്റയും വെള്ളവും നൽകി പരിചരിക്കുകയും രാത്രിയാകുമ്പോൾ കടുവയ്ക്കുള്ള ഇരയായി കൂട്ടിൽ കയറ്റിയിടുകയും ചെയ്യുന്ന വേറിട്ട കാഴ്ചയ്ക്കാണ് വയനാട് ചീരാൽ സാക്ഷ്യം വഹിക്കുന്നത്.
പ്രദേശത്ത് കടുവ ഭീതി രൂക്ഷമായതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കടുവയെ ആകർഷിക്കാനായി കൂട്ടിനുള്ളിലെ പ്രത്യേക അറയിലാണ് ആടിനെ കെട്ടിയിടുന്നത്. രാത്രിയിൽ ഇരയായും പകൽ സമയത്ത് പരിപാലിക്കപ്പെടുന്ന അതിഥിയായും മാറിയ ഈ ആട് ഇപ്പോൾ നാട്ടുകാർക്കിടയിലും കൗതുകമുണർത്തുന്ന കാഴ്ചയായി മാറിയിട്ടുണ്ട്.
കൂട് സ്ഥാപിച്ച് ഒരു മാസം പിന്നിട്ടിട്ടും കടുവ മാത്രം കുടുങ്ങിയില്ല. ഇതോടെയാണ് കടുവയെ ആകർഷിക്കാൻ സ്വന്തം ആടിനെ കൂട്ടിൽ കയറ്റാൻ ചീരാൽ സ്വദേശി സുകുമാരൻ തീരുമാനിച്ചത്. കടുവയെ കെണിയിലാക്കാൻ വേണ്ടിയാണ് കൂട് സ്ഥാപിച്ചതെന്നും എന്നാൽ ആ കൂട്ടിൽ ഇപ്പോൾ ആടാണ് കഴിയുന്നതെന്നും സുകുമാരൻ പറയുന്നു. രാത്രിയാകുമ്പോൾ ആടിനെ കൂട്ടിൽ കയറ്റുകയും രാവിലെ ആകുമ്പോൾ തുറന്നുവിടുകയുമാണ് ചെയ്യുന്നത്
തുടർച്ചയായ ആക്രമണങ്ങൾചീരാൽ മുത്തശ്ശിക്കുന്ന് സ്വദേശി വൈസൻ ബാബുവിൻ്റെ വളർത്തുമൃഗത്തെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് പ്രദേശത്ത് ഭീതി പടർന്നത്. തുടർന്ന് പുളിഞ്ചാൽ, വെള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. അവസാനമായി കണ്ണങ്കാട് കളന്നൂർ ചന്ദ്രൻ്റെ ആടുകളെയാണ് വന്യജീവി ആക്രമിച്ചത്. കടുവയുടെയും പുലിയുടെയും സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. എന്നാൽ ഇതുവരെ കടുവയും പുലിയുമൊന്നും ഈ കെണിയിൽ വീണിട്ടില്ല.
ആടിന് വെള്ളവും തീറ്റയും നൽകി നല്ലപോലെ പരിചരിച്ച് കൂട്ടിൽ കയറ്റുന്നതോടെ തൻ്റെ ഇരയെ തേടി കടുവ എത്തുമെന്ന പ്രതീക്ഷയിലാണ് സുകുമാരൻ. പ്രദേശം അടുത്ത് എവിടെയോ തന്നെ കടുവ ഉണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. നിലവിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൂട് മാറ്റാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.
അതേസമയം കൂട്ടിൽ ഇരയൊരുക്കി കാത്തിരിക്കുകയാണ് നാട്ടുകാരും അധികൃതരും. ഈ കാത്തിരിപ്പിൽ നിർണായക പങ്കാണ് സുകുമാരനും കുടുംബത്തിനുമുള്ളത്. രാവിലെ കൂട്ടിലെ ആടിനെ പുറത്തേക്ക് മാറ്റി തീറ്റയും വെള്ളവും നൽകി പരിപാലിക്കും. സന്ധ്യയാകുമ്പോൾ ആടിനെ വീണ്ടും കൂട്ടിനുള്ളിൽ കെട്ടിയിടും. കൂട്ടിലെ ഇരയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും കടുവ കൂട്ടിലേക്ക് എത്തുമെന്ന പ്രതീക്ഷയും ഒരേസമയം നിലനിൽക്കുകയാണ്.
ഒരു മാസമായി കടുവയെ കണ്ടിട്ടില്ലെങ്കിലും, പ്രദേശത്തെ ഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടതിൻ്റെ ആശങ്കക്കൊപ്പം, ഇനിയും വന്യജീവി ആക്രമണമുണ്ടാകുമോ എന്ന ഭയവും തുടരുകയാണ്. അതുകൊണ്ടുതന്നെ കൂട്ടിലെ ഇരയെ ദിവസവും പരിചരിച്ച് കടുവയെ പിടികൂടുന്നതിനായുള്ള കാത്തിരിപ്പ് തുടരുകയാണ് സുകുമാരനും കുടുംബവും.
മുൻപും ചീരാൽ മേഖലയിൽ കടുവാശല്യം രൂക്ഷമായിരുന്നു. നിരവധി പശുക്കളെയും ആടുകളെയും കൊന്നൊടുക്കിയ കടുവകളെ വനംവകുപ്പ് ഏറെ പണിപ്പെട്ടാണ് അന്ന് പിടികൂടിയത്. സമാനമായ രീതിയിൽ വീണ്ടും വന്യജീവി ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ ജാഗ്രതയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും കടുവയെ പിടികൂടാൻ കഴിയാത്തത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR