Enter your Email Address to subscribe to our newsletters

KOTTAYAM, 17 സെപ്റ്റംബര്‍ (H.S.)
അനധികൃത സ്വത്ത് സമ്പാദനക്കേസില് മുന് ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് ടോമിന്‍ തച്ചങ്കരി കുറ്രക്കാരന്‍ എന്ന് വിധിച്ചിരിക്കുന്നത്. കേസിലെ ശിക്ഷാവിധിയും ഇന്ന് തന്നെയുണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശിക്ഷവിധിക്കും എന്നാണ് കോടതി വ്യക്തമാക്കായിരിക്കുന്നത്.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 64 ലക്ഷം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ഒന്നര ദശാബ്ദത്തില്‍ അധികമായി നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. പിന്നീടു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്നു കോട്ടയത്തേക്കും മാറ്റി. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും വിജിലന്‍സ് കോടതി തള്ളിയിരുന്നു.
കോട്ടയം വിജിലന്‍സ് കോടതി ജഡ്ജ് കെ.വി.രജനീഷ് മുന്‍പാകെയാണ് വിചാരണ പൂര്‍ത്തിയായത്. 128 സാക്ഷികളുണ്ടായിരുന്ന കേസില്‍ 145 രേഖകള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കെ.കെ.ശ്രീകാന്ത് ആണ് വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍. ഈ കേസിലെ വിചാരണയ്ക്ക് എത്തിയപ്പോള്‍ വിരമിച്ച ശേഷവും കാറില്‍ ഔദ്യോഗിക മുദ്രവച്ച തച്ചങ്കരിക്ക് പിഴ ലഭിച്ചിരുന്നു. വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറില്‍ ഡിജിപിയുടെ നക്ഷത്രമുദ്രവച്ചായിരുന്നു യാത്ര.കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബോര്‍ഡ് കറുത്ത തുണി വച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും ഇത് നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്.
1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്. മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ മാനേജിങ് ഡയറക്ടറായും കെഎസ്ആര്‍ടിസി, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയര്‍ഫോഴ്‌സ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S