തിരുവനന്തപുരം മൃഗശാല മാറ്റാൻ നീക്കം: അനുകൂലിച്ചും എതിർത്തും ചർച്ചകൾ ശക്തം
Thiruvananthapuram, 17 സെപ്റ്റംബര് (H.S.) ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള തലസ്ഥാനത്തെ തിരുവനന്തപുരം മൃഗശാല നഗരഹൃദയത്തിൽനിന്ന് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നു. മൃഗശാല വനമേഖലയോട് ചേർന്ന വലിയ വിസ്തൃതിയുള്ള സ്ഥലത്തേക്ക് മാറ്റ
Thiruvananthapuram Zoo


Thiruvananthapuram, 17 സെപ്റ്റംബര് (H.S.)

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള തലസ്ഥാനത്തെ തിരുവനന്തപുരം മൃഗശാല നഗരഹൃദയത്തിൽനിന്ന് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നു. മൃഗശാല വനമേഖലയോട് ചേർന്ന വലിയ വിസ്തൃതിയുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന നിർദേശം ഉയർന്നുവന്നതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. പദ്ധതിയെ അനുകൂലിച്ചും എതിർത്തും വിവിധ മേഖലകളിൽ നിന്നുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലെ മൃഗശാലയിലെ പരിമിതമായ സ്ഥലസൗകര്യങ്ങൾ വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമാകുന്നുണ്ടെന്നും വനമേഖലയോട് ചേർന്ന വലിയ പ്ലോട്ടിലേക്ക് മാറ്റുന്നത് മൃഗങ്ങൾക്ക് കൂടുതൽ അനുയോജ്യമായ അന്തരീക്ഷം നൽകുമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ തലസ്ഥാനത്തിന്റെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ മൃഗശാല മാറ്റുന്നത് നഗരത്തിന്റെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

മ്യൂസിയം നിലനിർത്തി മൃഗശാല മാറ്റാം: കെ. എസ്. ശബരീനാഥൻ

നേപ്പിയർ മ്യൂസിയം അവിടെത്തന്നെ നിലനിർത്തികൊണ്ട് മൃഗശാലയെ മാറ്റിസ്ഥാപിക്കുന്നതാവും ഉചിതമെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയും നിലവിലെ നഗരസഭാ കൗൺസിലറുമായ കെ എസ് ശബരീനാഥൻ അഭിപ്രായപ്പെടുന്നു. മൃഗശാല മാറ്റം സംബന്ധിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നതിനിടെ ഫേസ്ബുക്കിലാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

നഗരം വളർന്നതോടെ മൃഗശാലയിലും ഇവിടെയുള്ള മൃഗങ്ങൾക്കും ആവശ്യത്തിന് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആന പരിപാലനകേന്ദ്രവും ലയൺ സഫാരി പാർക്കും ഡിയർ പാർക്കും സ്ഥിതിചെയ്യുന്ന കോട്ടൂർ അഗസ്ത്യവനമേഖലയിലോ അല്ലെങ്കിൽ തിരുവനന്തപുരം-പൊന്മുടി റൂട്ടിൽ വിതുരയിലോ കല്ലാറിലോ മൃഗശാല മാറ്റിസ്ഥാപിക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന ആവശ്യം. അതോടെ ഈ പ്രദേശങ്ങളിൽ ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർധിക്കും. അതോടൊപ്പം മൃഗങ്ങൾക്ക് വനാതിർത്തിയിൽത്തന്നെ സ്വന്തം ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കാനുള്ള, കൂടുതൽ സ്ഥലസൗകര്യമുള്ള ഒരു സുസ്ഥിര മൃഗശാല സൃഷ്ടിക്കാൻ കഴിയും.

മൃഗശാല മാറ്റുന്നയിടം തുറന്ന ഇടമായി തുടരണം

മൃഗശാല ഇപ്പോൾ സ്ഥിതിചെയ്യുന്ന മേഖലയിൽനിന്ന് മാറ്റുമ്പോൾ പകരം വമ്പൻ കെട്ടിടങ്ങളോ പാർപ്പിട സൗകര്യങ്ങളോ ഒന്നും നിർമിക്കേണ്ടതില്ലെന്നും, പകരം ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് പോലെയും ലണ്ടനിലെ ഹൈഡ് പാർക്ക് പോലെയും പച്ചതുരുത്തായ ഒരു 'ഓപ്പൺ സ്പേസ്' (Open Space) ആയി ഇവിടം നിലനിർത്തണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

വമ്പൻ നഗരവൽക്കരണത്തിനിടയിലും വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും സുഹൃത്തുക്കളുമായും കുടുംബവുമായും പിക്നിക് എന്നപോലെ സെൻട്രൽ പാർക്കിലും ഹൈഡ് പാർക്കിലും മറ്റും ആളുകൾ മണിക്കൂറുകൾ ചിലവഴിക്കാറുണ്ട്. അതുപോലെ ഇവിടെ നമുക്ക് സൈക്ലിങ് ട്രാക്ക് ഉണ്ടാക്കാം, വാക്ക് വേ നിർമിക്കാം, പുസ്തകച്ചർച്ചകൾ നടത്താനും പ്രകൃതിയുമായി ഇണങ്ങി കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങൾ ഒരുക്കാം. ചെറിയ ജലാശയങ്ങൾ നിർമിക്കുന്നതിനോടൊപ്പം ശുദ്ധവായു ശ്വസിച്ച് വിശ്രമിക്കാൻ അനുയോജ്യമായ നല്ല ലാൻഡ്സ്കേപ്പിങ് ചെയ്യാം എന്ന ആശയവും അദ്ദേഹം പങ്കുവെക്കുന്നു.

മാറ്റിസ്ഥാപിക്കാം, പക്ഷേ...: മുൻ മൃഗശാല ഡയറക്ടർ

മൃഗശാല വലുതാക്കി മാറ്റിസ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ അത് മ്യൂസിയങ്ങളുടെയും ബൊട്ടാണിക്കൽ ഗാർഡൻ്റെയും പ്രാധാന്യം ഇല്ലാതാക്കുമെന്ന അഭിപ്രായമാണ് മുൻ മൃഗശാല ഡയറക്ടർ ശിവദാസ് പങ്കുവെക്കുന്നത്. നിലവിൽ മൃഗശാലയ്ക്ക് സ്ഥലം കുറവാണെങ്കിലും ശുചിത്വത്തിൻ്റെ കാര്യത്തിലും, സന്ദർശകരുടെ എണ്ണത്തിലും, വരുമാന ലഭ്യതയിലും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെയും ആകെ മൃഗങ്ങളുടെയും എണ്ണത്തിലും മികച്ച സ്ഥാനമാണ് തിരുവനന്തപുരം മൃഗശാലയ്ക്കുള്ളത്.

ഇതെല്ലാം കണക്കിലെടുത്താണ് സെൻട്രൽ സൂ അതോറിറ്റി ഇതിനെ 'വലിയ മൃഗശാലകളുടെ' ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 55 ഏക്കറിനുള്ളിൽ 36 ഏക്കർ മൃഗശാലയും, 15 മുതൽ 19 ഏക്കർ വരെ മ്യൂസിയവും ബൊട്ടാണിക്കൽ ഗാർഡനുമാണ്. ഇതെല്ലാം കൂടി ഒരു കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നത് ലോകത്തെവിടെയും അപൂർവ കാഴ്ചയാണ്. ഒരു സന്ദർശകൻ നഗരത്തിൽ വന്നാൽ അദ്ദേഹത്തിന് നാലു മുതൽ ആറു മണിക്കൂറിലധികം ചെലവഴിച്ച് പ്രകൃതിയെയും സംസ്കാരത്തെയും പൈതൃകത്തെയും ഒരുപോലെ അനുഭവിച്ചറിഞ്ഞ് മടങ്ങാൻ സാധിക്കും.

മ്യൂസിയവും മൃഗശാലയും: ചരിത്ര പശ്ചാത്തലം

മ്യൂസിയം 1857 സെപ്റ്റംബർ മാസത്തിലാണ് സ്ഥാപിതമായത്. മ്യൂസിയം കാണാൻ സന്ദർശകർ കുറവായതിനെ തുടർന്ന് 1859-ലാണ് അതിനൊപ്പം ഒരു മൃഗശാല കൂടി ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആരംഭിക്കുന്നത്. അന്ന് കോട്ടയ്ക്കകത്തുള്ള മഹാരാജാവിൻ്റെ സ്വകാര്യ മൃഗശേഖരത്തിൽനിന്ന് സിംഹം, കടുവ, പുലി, പശുക്കൾ എന്നിവയെ കൊണ്ടുവന്ന് താൽക്കാലിക കൂട് നിർമിച്ചാണ് മൃഗശാല ആരംഭിക്കുന്നത്.

ഇതോടെ വന്യമൃഗങ്ങളെ കാണാൻ ആളുകൾ എത്തിത്തുടങ്ങുകയും, അതിൽ ഒരു പങ്കുപേർ മ്യൂസിയം കൂടി കണ്ടുമടങ്ങാൻ ആരംഭിക്കുകയും ചെയ്തു. ഈ തന്ത്രമാണ് ഇപ്പോഴും വിജയകരമായി നിലനിൽക്കുന്നത്. ശ്രീ ചിത്ര ആർട്ട് ഗാലറി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, നേപ്പിയർ മ്യൂസിയം എന്നിങ്ങനെ മൂന്ന് മ്യൂസിയങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ആർട്ട് ഗ്യാലറിയും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും നവീകരിച്ചവയാണ്. ഇന്ത്യയിലെ മികച്ച 11 നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത്.

ഇവയെല്ലാം ഒരൊറ്റ പരിസരത്ത് ഒരുമിച്ചു സ്ഥിതിചെയ്യുന്നു എന്നതാണ് തിരുവനന്തപുരം മ്യൂസിയം മൃഗശാല സമുച്ചയത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മൃഗശാല വിനോദത്തിനുള്ള കേന്ദ്രമാണെങ്കിൽ, മ്യൂസിയങ്ങൾ സർഗാത്മകമായും കലാപരമായും ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News