വയനാടൻ മലനിരകളിൽ മഞ്ഞവസന്തം തീർത്ത് കാർഷിക രംഗത്ത് ചരിത്രം കുറിക്കുകയാണ് ചുണ്ടേൽ സ്വദേശിയായ വനിതാ കർഷക
Wayanad , 17 സെപ്റ്റംബര് (H.S.) വയനാടൻ മലനിരകളുടെ പച്ചപ്പിനിടയിൽ ഇപ്പോൾ മഞ്ഞവസന്തത്തിൻ്റെ മനോഹര കാഴ്ച. പ്രതികൂല കാലാവസ്ഥയോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും പൊരുതി മണ്ണിൽ പൊന്നുവിളയിച്ച ചുണ്ടേൽ സ്വദേശിയായ വനിതാ കർഷകയുടെ കഠിനാധ്വാനമാണ് ചുണ്ടേലിലെ പാ
WAYANAD MARIGOLD FARMING


Wayanad , 17 സെപ്റ്റംബര് (H.S.)

വയനാടൻ മലനിരകളുടെ പച്ചപ്പിനിടയിൽ ഇപ്പോൾ മഞ്ഞവസന്തത്തിൻ്റെ മനോഹര കാഴ്ച. പ്രതികൂല കാലാവസ്ഥയോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും പൊരുതി മണ്ണിൽ പൊന്നുവിളയിച്ച ചുണ്ടേൽ സ്വദേശിയായ വനിതാ കർഷകയുടെ കഠിനാധ്വാനമാണ് ചുണ്ടേലിലെ പാടത്ത് ഇപ്പോൾ പൂത്തുലഞ്ഞുനിൽക്കുന്നത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിൽ ചെണ്ടുമല്ലിപ്പാടം പൂർണ്ണമായി പൂവിട്ടതോടെ പ്രദേശം മുഴുവൻ കാഴ്ചക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ചുണ്ടേൽ ശ്രീപുരം ആദിനിവാസ് വീട്ടിലെ ഷജില പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് ഈ പൂക്കാലം തീർത്തിരിക്കുന്നത്. പുനർജനി ഫാം എന്ന പേരിൽ വേറിട്ടൊരു കാർഷിക സംരംഭത്തിന് തുടക്കമിട്ടാണ് ഈ വീട്ടമ്മ ശ്രദ്ധേയയാകുന്നത്. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന പൂക്കളെ ആശ്രയിക്കുന്നതിന് പകരം നാട്ടിൽ തന്നെ പൂക്കൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇപ്പോൾ പുഷ്പകൃഷിയിലേക്ക് തിരിയുന്നത്. പൊഴുതന ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ്, കുടുംബശ്രീ വൈത്തിരി സി.ഡി.എസ് എന്നിവയുടെ പൂർണ പിന്തുണയോടെയാണ് ഷജില ചെണ്ടുമല്ലി കൃഷിയിലേക്ക് കടന്നത്.

കാലാവസ്ഥയെ അതിജീവിച്ച കൃഷിജൂൺ അവസാനവാരത്തിലാണ് കൃഷി ആരംഭിച്ചത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു വിള ഇറക്കിയതെങ്കിലും അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനം വലിയ തിരിച്ചടിയായി. ഇതോടെ പ്രതീക്ഷിച്ചത്ര വിളവ് ലഭിച്ചില്ല. എങ്കിലും ആദ്യ വിളവെടുപ്പിലെ പൂക്കൾ ഇതിനോടകം വിപണിയിലെത്തിക്കഴിഞ്ഞു. ഇനി വരാനിരിക്കുന്ന പൂജ സീസണിലാണ് തൻ്റെ പ്രധാന പ്രതീക്ഷയെന്ന് ഷജില ഇടിവി ഭാരതിനോട് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പൂക്കളോടുള്ള പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോവുകയാണ് ഈ കർഷക. നവരാത്രി, വിജയദശമി ആഘോഷങ്ങൾക്കായി വിപണിയിൽ പൂക്കൾക്ക് വലിയ ഡിമാൻഡ് അനുഭവപ്പെടുന്ന സമയമായതിനാൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

കരുത്തായി കുടുംബവുംമണ്ണറിഞ്ഞുള്ള അധ്വാനത്തിൽ കുടുംബവും ഷജിലയ്ക്ക് ഒപ്പമുണ്ട്. ചെണ്ടുമല്ലിക്ക് പുറമെ കാപ്പി, ഏലം, വിവിധ പച്ചക്കറികൾ എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. വയനാടിൻ്റെ കാലാവസ്ഥ ഇത്തരം കൃഷികൾക്ക് ഏറെ അനുയോജ്യമാണ്. മണ്ണിനോടും കൃഷിയോടുമുള്ള അടുപ്പം പുതിയ അനുഭവമല്ലെങ്കിലും പുനർജനി ഫാം കുടുംബത്തിൻ്റെ സ്വപ്നപദ്ധതിയായി വളർന്നത് ഭർത്താവ് സുബീഷും മക്കളായ ആദിലും അമേലിയയും ഒപ്പം ചേർന്നതോടെയാണ്. ഒഴിവുസമയങ്ങളിൽ കുട്ടികളും കൃഷിയിടത്തിൽ സഹായത്തിനായി എത്താറുണ്ട്.

വിളവെടുപ്പിന് പാകമായ പൂക്കൾ കാണാനും പാടത്തിൻ്റെ മനോഹാരിത ആസ്വദിക്കാനുമായി നിരവധിയാളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. വനിതകളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഇത്തരം മാതൃകകൾ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നും കൃഷിഭവൻ ഓഫിസർ അമൽ വ്യക്തമാക്കി. കുടുംബശ്രീയുടെയും കൃഷിഭവൻ്റെയും സഹായത്തോടെ കൂടുതൽ സ്ത്രീകൾ കാർഷിക മേഖലയിലേക്ക് കടന്നുവരുന്നത് ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News