Enter your Email Address to subscribe to our newsletters

New delhi, 17 സെപ്റ്റംബര്‍ (H.S.)
സീറ്റ് ബെല്‍റ്റ്, കുട്ടികള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമങ്ങളുണ്ടെന്നും അവ കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് പുറമെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാഹനങ്ങള്‍ ഓടുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിലവിലെ നിയമങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് നിയമപാലകരാണെന്നും, ഇത് ക്രമസമാധാന പാലനത്തിന്റെയും ഗതാഗത അച്ചടക്കത്തിന്റെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന് തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറാമെന്നും, മന്ത്രാലയം ഈ വിഷയത്തില്‍ രേഖകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രശസ്ത പ്രമേഹരോഗ വിദഗ്ധനും ഗവേഷകനുമായ മലയാളിയായ ഡോ. ജ്യോതിദേവ് കേശവദേവാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോക്ടറാണ് അദ്ദേഹമെന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചു. അഭിഭാഷകനായ വില്‍സ് മാത്യു മുഖേനയാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. 2026 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്.
ടാക്‌സി യാത്രയ്ക്കിടെയുണ്ടായ ചില അനുഭവങ്ങളാണ് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മുന്‍സീറ്റില്‍ മാത്രമേ സീറ്റ് ബെല്‍റ്റ് ആവശ്യമുള്ളൂ എന്നായിരുന്നു ഒരു ടാക്‌സി ഡ്രൈവറുടെ മറുപടി. പലപ്പോഴും കാറുകളുടെ സീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അധികമായി സീറ്റ് കവറുകള്‍ ഇടാറുണ്ട്. ഇത് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത് തടയുകയും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു. വാഹന ഉടമകള്‍ കാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S