Enter your Email Address to subscribe to our newsletters

New delhi, 17 സെപ്റ്റംബര്‍ (H.S.)
മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ധാരാ സിങ്ങിന്റെ ഹര്‍ജി തള്ളി ഒഡീഷ സര്‍ക്കാര്‍. അപേക്ഷകന്റെ ഹര്‍ജി തള്ളിയുള്ള തീരുമാനം ഒഡീഷ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന രവീന്ദ്ര പാല്‍ എന്ന ധാരാ സിംഗിന്റെ ശിക്ഷാകാലാവധി ഇളവ് ചെയ്യണമെന്ന അപേക്ഷയാണ് വ്യാഴാഴ്ച ഒഡീഷ സര്‍ക്കാര്‍ തള്ളിയത്.
കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് പ്രതിയുടെ മോചന അപേക്ഷ തള്ളിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ വസ്തുതകളും വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. ധാരാ സിങ്ങിന്റെ ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷ തള്ളാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചത് ഓഗസ്റ്റ് 31-ന് ചേര്‍ന്ന സംസ്ഥാന ശിക്ഷാ പുനഃപരിശോധനാ ബോര്‍ഡിന്റെ പ്രത്യേക യോഗത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ ഉത്തരവിനെതിരെ വാദിക്കാന്‍ നിങ്ങള്‍ക്ക് ഏത് കാരണവും ഉന്നയിക്കാമെന്ന് ബെഞ്ച് പറഞ്ഞു. നിങ്ങളുടെ ഹര്‍ജി ഭേദഗതി ചെയ്ത ശേഷം വാദിക്കുകയെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങുന്ന ബെഞ്ച് സിംഗിന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. ശിക്ഷാകാലാവധി ഇളവ് ചെയ്യാനുള്ള അപേക്ഷ തള്ളിക്കൊണ്ടുള്ള ഓഗസ്റ്റ് 31-ലെ ഉത്തരവിന്റെ പകര്‍പ്പ് ധാരാ സിങ്ങിന്റെ അഭിഭാഷകന് നല്‍കിയിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഉചിതമായ ഭേദഗതി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. വിഷയം വീണ്ടും പരിഗണിച്ച സുപ്രീം കോടതി, ധാരാ സിംഗിന്റെ ഹര്‍ജി മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കുന്നതിന് മാറ്റിവച്ചു. ധാരാ സിങ്ങിന്റെ ശിക്ഷാകാലാവധി ഇളവ് ചെയ്യാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാത്തതിന് ഒഡീഷ സര്‍ക്കാരിനെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
നേരത്തെയും ധാരാ സിങ്ങിന്റെ അപേക്ഷകള്‍ സംസ്ഥാന ശിക്ഷാ പുനഃപരിശോധനാ ബോര്‍ഡ് തള്ളിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്താമാക്കി. 2016 നവംബര്‍ 24, 2019 ജൂണ്‍ 24, 2020 ഡിസംബര്‍ 24, 2022 ജനുവരി 12, 2023 ഫെബ്രുവരി 20 എന്നീ കാലയളവിലാണ് അപേക്ഷകള്‍ തള്ളിയത്. അപേക്ഷ പരിഗാണിച്ചാലുള്ള പ്രത്യാഘാതങ്ങള്‍, പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത, അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ കണക്കിലെടുത്താണ് അപേക്ഷകള്‍ തള്ളിയത്.
---------------
Hindusthan Samachar / Sreejith S