Enter your Email Address to subscribe to our newsletters

washington , 17 സെപ്റ്റംബര് (H.S.)
വാഷിംഗ്ടൺ: റഷ്യക്കെതിരെ കർശന ഉപരോധം ഏർപ്പെടുത്താനും, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന തീരുവ (താരിഫ്) ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതുമായ സുപ്രധാന ബിൽ പാസാക്കി യുഎസ് കോൺഗ്രസ് .
കഴിഞ്ഞ മാസം യുഎസ് സെനറ്റ് പാസാക്കിയ ‘ലിൻഡ്സെ ഒ ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് 2026’ (Lindsey O Graham Sanctioning Russia and Iran Act of 2026) എന്ന ബില്ലിനാണ് യു എസ് പ്രതിനിധി സഭ അംഗീകാരം നൽകിയത്. 159-നെതിരെ 262 വോട്ടുകൾക്കാണ് ബില്ല് പാസായത്. പ്രസിഡന്റ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.
203 റിപ്പബ്ലിക്കൻ അംഗങ്ങൾക്കൊപ്പം 58 ഡെമോക്രാറ്റുകളും ഒരു സ്വതന്ത്ര അംഗവും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 152 ഡെമോക്രാറ്റുകളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ എതിർത്തു. പ്രസിഡന്റ് ട്രംപിന് താരിഫ് ചുമത്താൻ കൂടുതൽ അധികാരം നൽകുന്നതിനെച്ചൊല്ലിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രധാന എതിർപ്പ്.
കഴിഞ്ഞ ജൂലൈയിൽ അന്തരിച്ച സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിലാണ് ഈ ബിൽ അറിയപ്പെടുന്നത്. റഷ്യൻ നേതൃത്വത്തിനും ഊർജ മേഖലയ്ക്കും മാത്രമല്ല, ഉപരോധം മറികടന്ന് എണ്ണ വിതരണം നടത്തുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ (shadow fleet) കപ്പലുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. കൂടാതെ, ഇറാനെതിരെയുള്ള ഉപരോധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയും ചൈനയും എണ്ണയും വാതകവും മറ്റെവിടെ നിന്നെങ്കിലും വാങ്ങുന്നതാണ് നല്ലത്, എന്ന് ബിൽ പാസായതിന് ശേഷം ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ പ്രതികരിച്ചു. റഷ്യ ഈ ഷാഡോ ഫ്ലീറ്റുകൾ ഉപയോഗിച്ച് വിപണി നിരക്കിലും കുറഞ്ഞ വിലയിലാണ് എണ്ണ വിൽക്കുന്നതെന്നും, ഇത് പ്രധാനമായും വാങ്ങുന്നത് ചൈനയും ഇന്ത്യയുമാണെന്നും സെനറ്റർ ജീൻ ഷഹീൻ ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണ വാങ്ങുന്ന ഏതൊരാളും അതിന് വലിയ വില നൽകേണ്ടിവരുമെന്ന ശക്തമായ സന്ദേശം നൽകുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം.
ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഈ നിയമം നിലവിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് നേരിട്ട് 100 ശതമാനം താരിഫ് നടപ്പിലാവുകയല്ല ചെയ്യുന്നത് . പകരം, റഷ്യൻ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ വാങ്ങുകയോ ഉപരോധം മറികടക്കാൻ സഹായിക്കുകയോ ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് വിവേചനാധികാരം നൽകുന്ന ഒരു സംവിധാനമാണ് ഇത് ഒരുക്കുന്നത്.
ഡെമോക്രാറ്റിക് പ്രതിനിധി സ്റ്റെനി ഹോയർ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇത്തരത്തിൽ 100 ശതമാനം വരെ ഉയർന്ന നികുതി ചുമത്തേണ്ട 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ
ചൈന
യു.എ.ഇ (UAE)
തുർക്കി
അസർബൈജാൻ
ഹംഗറി
സിംഗപ്പൂർ
കസാക്കിസ്ഥാൻ
കിർഗിസ്ഥാൻ
സ്ലൊവാക് റിപ്പബ്ലിക് എന്നിവയാണ് ഈ രാജ്യങ്ങൾ
നവംബർ 3-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിനിധി സഭ ചേരുന്ന അവസാന ദിവസങ്ങളിലാണ് ഈ നിർണായക ബിൽ വോട്ടിനിട്ട് പാസാക്കിയത്. ട്രംപ് ബില്ലിൽ ഒപ്പുവെച്ചാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഭാവിയിൽ നിർണായകമാകും.
---------------
Hindusthan Samachar / Roshith K