Enter your Email Address to subscribe to our newsletters

Kottayam, 17 സെപ്റ്റംബര് (H.S.)
കോട്ടയം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിലെ ഉന്നത പദവികൾ വഹിച്ച ഒരു ഉദ്യോഗസ്ഥൻ ഇത്തരമൊരു സാമ്പത്തിക തിരിമറി നടത്തുമ്പോൾ നിയമപരമായി യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് വ്യക്തമാക്കിയാണ് വിജിലൻസ് ജഡ്ജി ശിക്ഷ വിധിച്ചത്. വിധിപ്രസ്താവത്തിന് പിന്നാലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു.
2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ ഡിഐജി ഉൾപ്പെടെയുള്ള പദവികൾ വഹിക്കവെ വരുമാനത്തിന് അനുസൃതമല്ലാതെ വൻതോതിൽ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസിന് ആധാരം. സർവീസിലിരിക്കെ തച്ചങ്കരിയും കുടുംബവും വീടുകൾ, ഫ്ലാറ്റുകൾ, ഭൂമി എന്നിവയടക്കം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി ചൂണ്ടിക്കാട്ടി ബോബി കുരുവിള എന്നയാളാണ് വിജിലൻസിന് പരാതി നൽകിയത്.
വിജിലൻസ് നടത്തിയ വിശദമായ പരിശോധനയിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. പരിശോധനാ കാലയളവിൽ യഥാർത്ഥ വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് തച്ചങ്കരി സമ്പാദിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ ചെലവുകൾക്കുള്ള കൃത്യമായ വരുമാന സ്രോതസ്സ് വെളിപ്പെടുത്താൻ തച്ചങ്കരിക്ക് സാധിച്ചില്ല. 2007-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2013-ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്വത്തുക്കൾ മാതാപിതാക്കൾ വഴി പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു വിചാരണവേളയിൽ തച്ചങ്കരി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ആഭ്യന്തര വകുപ്പിലെ മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ എഡിജിപി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ എന്നിവരെ ഹാജരാക്കിയെങ്കിലും തച്ചങ്കരിക്കെതിരായ വിജിലൻസ് കുറ്റപത്രം കോടതി ശരിവെക്കുകയായിരുന്നു. സംസ്ഥാന പൊലീസ് സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെടുന്നത് സേനയ്ക്കകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K