Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല വനത്തോട് ചേര്‍ന്ന പ്രദേശത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശത്തില്‍ രാഷ്ട്രീയ പോര്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് എതിരെ വിമര്‍ശനവുമായി സിപിഎം രംഗത്ത് എത്തി. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന ശ്രമം വാണിജ്യലക്ഷ്യത്തോടെയാണെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ വി.കെ. പ്രശാന്ത് ആരോപിച്ചു.
'ഒരു വര്‍ഷം 12 ലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. എട്ടുകോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും ഒക്കെ പറിച്ചു നടാന്‍ ഉള്ള ശ്രമം മുന്‍പും നടന്നിട്ടുണ്ട്. ഇപ്പോള്‍ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നില്‍ മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.' -വി.കെ. പ്രശാന്ത് പറഞ്ഞു.
ആരുമായി ആലോചിക്കാതെയാണ് തീരുമാനം. നിര്‍ഭാഗ്യവശാല്‍ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നു. മൃഗങ്ങളില്‍ നിന്ന് രോഗം പകരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേട്ടു കേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ പ്രശാന്ത്, അതിനെ ചെറുക്കുമെന്നും വ്യക്തമാക്കി.സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദര്‍ശിക്കണമെന്നും വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കണം. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ എതിര്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. നിലവിലെ സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലെയോ പ്രാഗിലെ സ്‌ക്വയര്‍ പോലെയോ അതിമനോഹരമായ സ്‌ക്വയറാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൃഗശാല നിലവില്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ മൃഗശാലയില്‍ വര്‍ഷങ്ങളായി നവീകരണം തുടരുമ്പോഴാണ് പുതിയ ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.പഴയ ഇരുമ്പു കൂടുകള്‍ മാറ്റി കൂടുതല്‍ വിശാലവും പ്രകൃതിദത്തവുമായ ആവാസവ്യവസ്ഥ ഒരുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി സ്ഥലം കണ്ടെത്തല്‍ തന്നെയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു പുറമേ വെറ്ററിനറി ആശുപത്രി, ക്വാറന്റീന്‍ കേന്ദ്രം, ഭക്ഷണ കേന്ദ്രം, ജീവനക്കാരുടെ സൗകര്യങ്ങള്‍, പാര്‍ക്കിങ്, റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന മാസ്റ്റര്‍പ്ലാനാണ് വേണ്ടത്. തൃശൂര്‍ മൃഗശാലയെ നഗരമധ്യത്തില്‍ നിന്ന് 336 ഏക്കര്‍ വിസ്തൃതിയുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയതാണ് തിരുവനന്തപുരത്തിനു മുന്നിലെ മാതൃക. ഇതേ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 500 കോടിയെങ്കിലും സര്‍ക്കാര്‍ ചെലവിടേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.
---------------
Hindusthan Samachar / Sreejith S