ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ
Kannur , 18 സെപ്റ്റംബര് (H.S.) കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. കരാർ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മന്
HELICOPTER LEASE CONTRACT EXTENSION


Kannur , 18 സെപ്റ്റംബര് (H.S.)

കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. കരാർ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മന്ത്രിയുടെ പ്രതികരണം.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരാർ മുന്നോട്ട് കൊണ്ടുപോകണമോ അതോ അവസാനിപ്പിക്കണമോ എന്നത് സംബന്ധിച്ച് ഉന്നതതലത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

നാളെയാണ് കരാർ അവസാനിക്കുന്ന തീയതി. അതിന് മുമ്പ് തീരുമാനമുണ്ടാകും. നിലവിലെ കരാർ മുൻ സർക്കാരിൻ്റെ കാലത്ത് ഉണ്ടാക്കിയതാണ്. അതുകൊണ്ട് തുടരണോ വേണ്ടയോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. ഹെലികോപ്റ്റിൻ്റെ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കത്ത് അയച്ചിരുന്നു. കരാർ അവസാനിക്കാൻ വെറും ഒരു ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് സർക്കാരിന് കത്ത് അയച്ചത്. മൂന്ന് വർഷത്തെ കാലാവധിയായിരുന്നു ഹെലികോപ്റ്ററിന് ഉണ്ടായിരുന്നത്.

നിലവിൽ 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക തുക. പുതിയ ടെൻഡറിലേക്ക് കടക്കുകയോ പുതിയ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയോ ചെയ്താൽ പ്രതിമാസ വാടക തുക നിലവിലുള്ള തുകയേക്കാൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിലവിലെ കരാർ നീട്ടുകയാണ് ലാഭമെന്നാണ് ഡിജിപി നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.

അതേസമയം വൻ തുക വാടക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെ നേരത്തെ പ്രതിപക്ഷത്തിരുന്ന യുഡിഎഫ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കരാർ പുതുക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു.

മൂന്ന് വർഷം മുമ്പ് കരാർ തയ്യാറാക്കിയപ്പോൾ സർക്കാരിന് താത്പര്യമുണ്ടെങ്കിൽ രണ്ട് വർഷം കൂടി ഇതേ നിരക്കിൽ ഉപയോഗിക്കാമെന്ന വ്യവസ്ഥ നേരത്തെ തയ്യറാക്കി വച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കരാർ പുതുക്കുന്നതോടെ മാസം 80 ലക്ഷം രൂപ വാടക നൽകി 2028 വരെ ഹെലികോപ്റ്റർ ഉപയോഗിക്കാം. ഓട്ടേറെ ആവശ്യങ്ങൾക്കായി പൊലീസ് ഈ ഹെലികോപ്റ്റർ നിലവിൽ ഉപയോഗിക്കുന്നുണ്ട്. വനമേഖലകളിലെ നിരീക്ഷണം, രക്ഷാപ്രവർത്തനം, അവയവദാനം എന്നിങ്ങനെ നിരവധി ആവശ്യ ഘട്ടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നിലവിൽ ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകിയാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ സേവനം ഉപയോഗിക്കുന്നത്. ഈ തുകയ്ക്ക് 25 മണിക്കൂർ യാത്ര ചെയ്യാൻ കഴിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റും ഈ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News