Enter your Email Address to subscribe to our newsletters

Alappuzha , 18 സെപ്റ്റംബര് (H.S.)
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നഗരസഭയിലുമായി പട്ടികവർഗ വിഭാഗങ്ങൾക്കായി നടപ്പാക്കിയ 'പി.കെ കാളൻ ഭവന പദ്ധതി'യിലെ ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നൽകിയത്.
പദ്ധതി നടത്തിപ്പിലെ മുഴുവൻ ഘട്ടങ്ങളും വിശദമായി പരിശോധിച്ച് യാഥാർഥ്യം പുറത്തുകൊണ്ടുവരികയാണ്
അന്വേഷണ സമിതിയുടെ ഘടന
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണ സമിതിയുടെ കൺവീനർ. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ഫിനാൻസ് ഓഫിസർ, കുടുംബശ്രീ ചീഫ് എൻജിനിയർ, ആലപ്പുഴ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പദ്ധതിയുടെ ആസൂത്രണം, നിർവഹണം, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്ക് പുറമെ ബന്ധപ്പെട്ട ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളും സമിതി വിശദമായി പരിശോധിക്കും. ഈ മാസം 11നാണ് സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
അന്വേഷണ പരിധി
ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് പുറമെ പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് പട്ടികവർഗ വിഭാഗങ്ങൾക്കായി പി.കെ കാളൻ ഭവന പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിച്ച ഘട്ടം മുതൽ ഇതുവരെയുള്ള നിർവഹണത്തിൻ്റെ വിവിധ തലങ്ങൾ അന്വേഷണ വിധേയമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുകയുമാണ് സമിതിയുടെ പ്രധാന ചുമതല.
പദ്ധതിയുടെ പശ്ചാത്തലം
2017-18 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ അംബേദ്കർ സെറ്റിൽമെൻ്റ് വികസന പദ്ധതിയുടെ ഘടകമായാണ് പി.കെ കാളൻ കുടുംബ ഭവന പദ്ധതി ഉൾപ്പെടുത്തിയത്. കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഒറ്റപ്പെട്ട കുടുംബങ്ങളുടെ വികസനത്തിനും പാർപ്പിട നിർമാണത്തിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലയിലെ പാർശ്വവത്കരിക്കപ്പെട്ട ഉള്ളാട സമുദായത്തിൽ പദ്ധതി ആദ്യഘട്ടമായി നടപ്പാക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിനായി അഞ്ച് കോടിയിലധികം രൂപ (5,06,81,000) ചെലവഴിക്കുന്നതിനും അനുമതി നൽകി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയുടെ മൈക്രോപ്ലാൻ തയാറാക്കി നടപ്പാക്കുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ് നൽകിയിരുന്നത്. പദ്ധതിക്ക് അംഗീകാരം നൽകുന്നതും തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2018 മാർച്ച് 26നും ഏപ്രിൽ നാലിനും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
കർശന നടപടിക്ക് ശിപാർശഅന്വേഷണത്തിനിടെ ഏതെങ്കിലും കുറ്റക്കാർ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അഴിമതിക്കും വീഴ്ചകൾക്കും കാരണക്കാരായ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നിയമ നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കണമെന്ന ശിപാർശ സമിതി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അന്വേഷണം പൂർത്തിയാക്കി 30 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. സമാനമായ പദ്ധതി മറ്റ് ജില്ലകളിൽ മറ്റേതെങ്കിലും പേരിൽ നടപ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും.
അത്തരം പദ്ധതികളും അന്വേഷണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുന്നത് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR