ബിഹാറിൽ നിന്ന് കേരളത്തിലെ സ്കൂൾ പാർലമെന്റിലേക്ക്; അങ്കം ജയിച്ച് രമൺ കുമാർ
Kasaragod , 18 സെപ്റ്റംബര് (H.S.) സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അങ്കം ജയിക്കുക എന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. ബിഹാറിൽ നിന്ന് കേരളത്തിലെത്തി ഒടുവിൽ സ്കൂൾ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ശ്രദ്ധേയനാവുകയാണ് പ്ലസ് വൺ വിദ്യാർഥിയായ രമൺ
Raman Kumar


Kasaragod , 18 സെപ്റ്റംബര് (H.S.)

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അങ്കം ജയിക്കുക എന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. ബിഹാറിൽ നിന്ന് കേരളത്തിലെത്തി ഒടുവിൽ സ്കൂൾ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ശ്രദ്ധേയനാവുകയാണ് പ്ലസ് വൺ വിദ്യാർഥിയായ രമൺ കുമാർ.

കാസർകോട് ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് ഒറ്റ വോട്ടിന്റെ കടുത്ത പോരാട്ടത്തിൽ ഈ മിടുക്കൻ വിജയഭേരി മുഴക്കിയത്.

ബിഹാർ സ്വദേശിയാണ് രമൺ കുമാർ. വ്യാഴാഴ്ച നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്ലസ് വണ്ണിൽ എസ് എഫ് ഐ സ്ഥാനാർഥിയയാണ് ഈ മിടുക്കൻ മത്സരിച്ചത്. ബിഹാർ സുവഹിയിലെ ചന്ദ്രശേഖര പ്രസാദിൻ്റെയും ഗിരിജ ദേവിയുടെയും മകനാണ് രമൺ. 2023 ൽ ഒൻപതാം ക്ലാസ് മുതലാണ് രമൺ ചായ്യോത്ത് ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനം ആരംഭിച്ചത്. പഠനത്തിൽ മാത്രമല്ല മറ്റു പ്രവർത്തനങ്ങളിലും രമൺ മിടുക്കൻ ആണെന്ന് അധ്യാപകർ പറയുന്നു.

''എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം നേടിയിരുന്നു. പഠനത്തോടൊപ്പം എൻ എസ് എസ് പ്രവർത്തനങ്ങളിലും സജീവമായി. ഇതര സംസ്ഥാനത്തു നിന്നും എത്തി കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസ ശൈലിയിലും കൂട്ടായ്മയിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു,'' എന്ന് അധ്യാപകനായ സജീവൻ പറഞ്ഞു.

രമൺ കുമാറിന് മലയാളം നന്നായി വഴങ്ങും. ഇടയ്ക്ക് ബിഹാറിൽ പോയി വരാറുണ്ടെന്ന് രമൺ പറഞ്ഞതായും അധ്യാപകനായ സജീവൻ പറഞ്ഞു . പ്ലസ്ടു പഠനത്തിന് ശേഷം ബിഹാറിൽ തുടർ പഠനം നടത്താനാണ് രമൺ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. മകൻ്റെ വിജയത്തിൽ രക്ഷിതാക്കളും വലിയ സന്തോഷത്തിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News