Enter your Email Address to subscribe to our newsletters

Newdelhi , 18 സെപ്റ്റംബര് (H.S.)
സിവിൽ ലൈൻസ് സ്വദേശിയായ അൻപതുകാരിയോട് 200 കോടി രൂപ ആവശ്യപ്പെട്ട് വീണ്ടും ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ ഭീഷണി സന്ദേശം. വാട്സാപ്പ് വഴിയാണ് വീണ്ടും വൻതുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മുൻപ് ഇതേ വ്യവസായിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ തുക കുത്തനെ കൂട്ടി വീണ്ടും സന്ദേശം അയച്ചിരിക്കുന്നത്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി റിയൽ എസ്റ്റേറ്റ് ബിസിനസും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുമുള്ള കുടുംബമാണ് ഇവരുടേത്. ഡൽഹി എൻ.സി.ആർ മേഖലയിൽ ഇവർക്ക് വലിയ സ്വാധീനമുണ്ട്. സെപ്റ്റംബർ ഏഴിന് രാത്രി 10.40ഓടെയാണ് വാട്സാപ്പിലൂടെ വിദേശ നമ്പറിൽ നിന്ന് പുതിയ ഭീഷണി കോൾ വന്നത്.
താൻ ഗോൾഡി ബ്രാറാണെന്നും കുടുംബത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ തനിക്കറിയാമെന്നും വിളിച്ചയാൾ പറഞ്ഞു. 200 കോടി രൂപ നൽകിയില്ലെങ്കിൽ യുവതിയെയും ഭർത്താവിനെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി ഭീഷണി കോളുകൾ വന്നതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും വിവരങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പൊലീസ് അന്വേഷണം ഊർജിതംസെപ്റ്റംബർ 10ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 351(4) (ക്രിമിനൽ ഭീഷണി), 308(4) (മരണഭയം ഉണ്ടാക്കി പണം തട്ടൽ), 61(2) (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അന്വേഷണത്തിനിടെയാണ് സമാനമായ രീതിയിൽ ഇതേ യുവതിക്ക് മുൻപും ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയത്.
2024 മേയ് മാസത്തിൽ വിദേശ നമ്പറിൽ നിന്ന് വന്ന കോളിൽ അഞ്ച് കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു അന്നത്തെ ഭീഷണി. അന്ന് സിവിൽ ലൈൻസ് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് കേസ് ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെല്ലിന് കൈമാറുകയായിരുന്നു.
യുവതിയുടെ ആദ്യ ഭർത്താവും ഭർതൃപിതാവും നേരത്തെ മരിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിൽ ചില സ്വത്ത് തർക്കങ്ങൾ നിലനിൽക്കുന്നതായി വിവരമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുടുംബപ്രശ്നങ്ങളാണോ അതോ ബിസിനസ് വൈരാഗ്യമാണോ ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച വിദേശ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. വിളിച്ചത് യഥാർഥത്തിൽ ഗോൾഡി ബ്രാർ തന്നെയാണോ അതോ മറ്റാരെങ്കിലും ഗുണ്ടാത്തലവൻ്റെ പേര് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ ഇരുന്ന് ഇന്ത്യയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരം സംഘങ്ങളുടെ പങ്ക് ഈ കേസിലുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പ്രധാനിയായ ഗോൾഡി ബ്രാർ നിലവിൽ കാനഡയിലാണുള്ളത്. ഇന്ത്യയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ അന്വേഷണ ഏജൻസികൾ ശ്രമം തുടരുന്നതിനിടെയാണ് പുതിയ സംഭവം. സ്പെഷ്യൽ സെല്ലും ലോക്കൽ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR