കൊച്ചിയിൽ ജെസി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി വരുന്നു; നിർമാണം മുതൽ പ്രിവ്യൂ വരെ ഒരൊറ്റ കുടക്കീഴിൽ
Thiruvananthapuram, 18 സെപ്റ്റംബര് (H.S.) സിനിമയുടെ നിർമാണം മുതൽ പ്രിവ്യൂ വരെയുള്ള മുഴുവൻ നടപടികളും ഒരിടത്ത് തന്നെ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്ന ''ജെസി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി'' കൊച്ചിയിൽ വരുന്നു. വിർച്വൽ പ്രൊഡക്ഷൻ അടക്കമുള്ള അത്യാധുനി
Film city kochi


Thiruvananthapuram, 18 സെപ്റ്റംബര് (H.S.)

സിനിമയുടെ നിർമാണം മുതൽ പ്രിവ്യൂ വരെയുള്ള മുഴുവൻ നടപടികളും ഒരിടത്ത് തന്നെ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്ന 'ജെസി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി' കൊച്ചിയിൽ വരുന്നു. വിർച്വൽ പ്രൊഡക്ഷൻ അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുന്ന ഒരു സമഗ്ര ഫിലിം നിർമാണ കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺഫറൻസിലാണ് സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും ഉയർന്നുവന്നത്.

ഏകജാലക അനുമതിഏകജാലക അനുമതി സിനിമാമേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. രാജ്യത്തിന് മാതൃകയായി സിനിമയെ വ്യവസായമായി അംഗീകരിക്കാൻ തയാറായ കേരളത്തിൻ്റെ നിലപാട് കൂടുതൽ നിക്ഷേപകരെ ആകർഷിക്കും. മുൻപില്ലാത്ത വിധം സിനിമാ ടൂറിസത്തിൻ്റെ സാധ്യതകളും കേരളത്തിൽ തുറക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. ഇതിനായി ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സാങ്കേതികവിദ്യയ്ക്ക് മുൻഗണനവിപുലമായ സ്ഥിരം ഔട്ട്ഡോർ സെറ്റുകൾക്ക് പകരം സൗണ്ട് സ്റ്റേജുകൾ, വിർച്വൽ പ്രൊഡക്ഷൻ, നൂതന പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ ഫിലിം സിറ്റിയിൽ ഒരുക്കും. ഒടിടി പ്ലാറ്റ്ഫോമുകളുമായും പ്രമുഖ നിർമാണ കമ്പനികളുമായുള്ള പങ്കാളിത്തം, പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള നിക്ഷേപം എന്നിവ ഉൾപ്പെടുത്തി സാങ്കേതികവിദ്യാധിഷ്ഠിതമായി ഫിലിം സിറ്റി രൂപപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം.

പ്രതിവർഷം 200ലേറെ സിനിമകൾ പുറത്തിറങ്ങുന്ന കേരളത്തിൽ വലിയ സൗണ്ട് സ്റ്റേജുകളുടെയും വിർച്വൽ പ്രൊഡക്ഷൻ സൗകര്യങ്ങളുടെയും അപര്യാപ്തതയുണ്ട്. ഇവ പരിഹരിക്കാനും നൂതന പോസ്റ്റ് പ്രൊഡക്ഷൻ, സൗണ്ട് ജോലികൾ സംസ്ഥാനത്തു തന്നെ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. ചുരുങ്ങിയ വിസ്തൃതിയിൽ ഉയർന്ന സാങ്കേതിക ശേഷിയുള്ള സിനിമാ ഇക്കോസിസ്റ്റമായി ഫിലിം സിറ്റി വികസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങൾവിർച്വൽ പ്രൊഡക്ഷൻ സ്റ്റേജും കണ്ടൻ്റ് ലൈബ്രറിയും ഫിലിം സിറ്റിയുടെ ഭാഗമാകും. ഒരേസമയം നിരവധി സിനിമകൾക്ക് ഉപയോഗിക്കാവുന്ന സൗണ്ട് സ്റ്റേജുകൾ, മോഡുലാർ ഫ്ലോറുകൾ, താത്കാലിക ഫ്ലോറുകൾ, സ്ഥിരം സെറ്റുകൾ എന്നിവയും സജ്ജമാക്കും. ഡോൾബി അറ്റ്മോസ് സൗണ്ട്, ഫൈനൽ മിക്സ്, ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് ഗ്രേഡിങ്, റിവ്യൂ തിയറ്റർ, എഡിറ്റിങ്, ഡബ്ബിങ്, വിഎഫ്എക്സ്, ആനിമേഷൻ സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം മുൻഗണന നൽകും.

സംസ്ഥാനത്തെ കടൽത്തീരങ്ങൾ, കായലുകൾ, പൈതൃക കേന്ദ്രങ്ങൾ, മലനിരകൾ, നഗര ഗ്രാമീണ ദൃശ്യങ്ങൾ, ഐടി പാർക്കുകൾ തുടങ്ങിയ വൈവിധ്യമാർന്ന ലൊക്കേഷനുകൾ 30 മുതൽ 60 കിലോമീറ്റർ പരിധിയിൽ ലഭ്യമാണെന്ന പ്രത്യേകത പ്രയോജനപ്പെടുത്തും. ഏകീകൃത ലൊക്കേഷൻ മാനേജ്മെൻ്റ് സംവിധാനത്തിലൂടെ കേരളത്തെ തന്നെ വലിയൊരു ഫിലിം ലൊക്കേഷനാക്കി മാറ്റണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയും പുതിയ ഫിലിം സിറ്റിയും പരസ്പരം പൂരകമായി വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നവീകരണം ആവശ്യമാണെന്നും നിർദേശം ഉയർന്നു.

സാംസ്കാരികം, ടൂറിസം, പൈതൃകം എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്റർ രണ്ടിൻ്റെ ഭാഗമായി നടന്ന സെഷനിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി അഞ്ജന എം ചർച്ചകൾ ഏകോപിപ്പിച്ചു. രാജീവ് സേഥി, ജോഷി മാത്യു, രഞ്ജിത്ത് എം, ബി രാകേഷ്, അനിൽ തോമസ് എന്നിവരും സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വരും ദിവസങ്ങളിൽ സാങ്കേതിക വിദഗ്ധരുമായും ചലച്ചിത്ര മേഖലയിലെ പ്രതിനിധികളുമായും ചർച്ചകൾ തുടരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News