Enter your Email Address to subscribe to our newsletters

Newdelhi, 18 സെപ്റ്റംബര് (H.S.)
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലും ബെംഗളൂരുവിലുമെത്തും. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്ടറുകളും കൈമാറുന്ന ചടങ്ങടക്കം വിവിധ സുപ്രധാന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശീയമായി നിർമിച്ച വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കും 'ധ്രുവ് എൻജി' ഹെലികോപ്ടറുകൾ പവൻ ഹാൻസ് ലിമിറ്റഡിനും അദ്ദേഹം കൈമാറും.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് പ്രതിരോധ മന്ത്രി തൻ്റെ യാത്രാവിവരങ്ങൾ പങ്കുവച്ചത്. വെള്ളിയാഴ്ച രാവിലെ കേരളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലെ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. ഇതിനുശേഷം വൈകിട്ടോടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾക്കായി കർണാടകയിലേക്ക് തിരിക്കും.
ലക്ഷ്യം സ്വയംപര്യാപ്തതഇന്ത്യയുടെ തദ്ദേശീയ വ്യോമയാന ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരുവിൽ നടക്കുന്ന സുപ്രധാന കൈമാറ്റ ചടങ്ങിന് പ്രതിരോധ മന്ത്രി അധ്യക്ഷത വഹിക്കും. എൽസിഎ തേജസ് എഫ്ഒസി ഇരട്ട സീറ്റുള്ള പരിശീലന വിമാനങ്ങളും എച്ച്ടിടി 40 അടിസ്ഥാന പരിശീലന വിമാനങ്ങളും വ്യോമസേനയ്ക്ക് കൈമാറും. ഇതിനുപുറമെ ധ്രുവ് എൻജി ഹെലികോപ്ടറുകൾ പവൻ ഹാൻസ് ലിമിറ്റഡിനും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിൻ്റെ സ്വയംപര്യാപ്തതാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ കൈമാറ്റ ചടങ്ങ്. ആഭ്യന്തര വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) വ്യവസായ പങ്കാളികളും വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. സിവിൽ, സൈനിക ആവശ്യങ്ങൾക്കായി നൂതന പ്ലാറ്റ്ഫോമുകൾ രൂപകൽപന ചെയ്യാനും വികസിപ്പിക്കാനും നിർമിക്കാനുമുള്ള വ്യവസായ മേഖലയുടെ വർധിച്ചുവരുന്ന ശേഷിയും ഇത് തെളിയിക്കുന്നു.
വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിങ്, വ്യോമയാന പ്രതിരോധ മേഖലകളിലെ വിവിധ ഏജൻസികളുടെ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രതിരോധ മേഖലയിൽ തദ്ദേശീയമായ രൂപകൽപനയ്ക്കും വികസനത്തിനും നിർമാണത്തിനും കേന്ദ്ര സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയ ശേഷി ശക്തിപ്പെടുത്താനുമുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ വിമാനങ്ങളുടെ വരവ്.
കരുത്തേകാൻ തേജസ്അന്തിമ പ്രവർത്തന അനുമതി അഥവാ ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (എഫ്ഒസി) നിലവാരത്തിലാണ് പുതിയതായി വ്യോമസേനയുടെ ഭാഗമാകുന്ന രണ്ട് പരിശീലന വിമാനങ്ങളും നിർമിച്ചിരിക്കുന്നത്. 16 ഇനീഷ്യൽ ഓപ്പറേഷണൽ ക്ലിയറൻസ് (ഐഒസി) പോർവിമാനങ്ങൾ, 16 എഫ്ഒസി പോർവിമാനങ്ങൾ, എട്ട് ഇരട്ട സീറ്റുള്ള പരിശീലന വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സമ്പൂർണ എംകെ 1 ഫ്ലീറ്റ്.
എൽസിഎ തേജസിൻ്റെ ഏറ്റവും നൂതനമായ പതിപ്പാണ് എൽസിഎ എംകെ 1എ. എഇഎസ്എ റഡാർ, റഡാർ മുന്നറിയിപ്പും സ്വയം പ്രതിരോധ സംവിധാനവുമുള്ള ഇഡബ്ല്യു സ്യൂട്ട്, ഡിജിറ്റൽ മാപ്പ് ജനറേറ്റർ, സ്മാർട്ട് മൾട്ടി ഫങ്ഷൻ ഡിസ്പ്ലേകൾ, കമ്പൈൻഡ് ഇൻ്ററോഗേറ്റർ ആൻഡ് ട്രാൻസ്പോണ്ടർ, അഡ്വാൻസ്ഡ് റേഡിയോ അൾട്ടിമീറ്റർ തുടങ്ങി നിരവധി ആധുനിക സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
4.5 തലമുറയിൽപ്പെട്ട, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന മൾട്ടി റോൾ പോർവിമാനമാണ് എൽസിഎ തേജസ്. ആക്രമണാത്മക വ്യോമ പിന്തുണ നൽകാനും, അടുത്തുള്ള പോരാട്ടങ്ങൾക്കും, കരയിലുള്ള ആക്രമണങ്ങൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനുപുറമെ കരയിലെയും കടലിലെയും വിവിധ സൈനിക നീക്കങ്ങൾക്കും തേജസ് ഉപയോഗിക്കാൻ സാധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR